Uncategorized

മൂന്നാറില്‍ മഴക്ക് നേരിയ ശമനം; കരുതലായി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

മൂന്നാർ : കാലവര്‍ഷക്കെടുതി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മൂന്നാറില്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് ഓഡിറ്റോറിയം ക്യാമ്പില്‍ നിലവില്‍ 44 പേരെ താമസിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് അന്തോണിയാര്‍ കോളനിയില്‍ നിന്നടക്കമുള്ള കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. 2005ല്‍ അന്തോണിയാര്‍ കോളനിയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സ്ഥാപിച്ച ഭൂകമ്പമാപിനിയില്‍ നിന്നുള്ള ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. അന്തോണിയാര്‍ കോളനിക്ക് പുറമെ എം ജി കോളനിയില്‍ നിന്നുള്ള ചില കുടുംബങ്ങളേയും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കോളനികളില്‍ നിന്നുള്ള 114 പേര്‍ ബന്ധുവീടുകളിലേക്കും മാറി. കൊവിഡ് സുരക്ഷ മാനദണ്ഡം പാലിച്ചാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളവരെ ഇന്ന് കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസും ദേവികുളം എംഎല്‍എ അഡ്വ. എ രാജയും മൂന്നാറിലെ ക്യാമ്പ് സന്ദര്‍ശിച്ചു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ, ദേവികുളം തഹസില്‍ദാര്‍ ആര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നാറിലും സമീപമേഖലകളിലും സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്.

 

 

Related Articles

Back to top button
error: Content is protected !!