സര്‍ക്കാരിന്റെ നിബന്ധനകള്‍ ഐ.സി.യുവില്‍ കിടന്ന രോഗിയെ റൂമിലേക്ക് മാറ്റിയ പോലെ: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍


തൊടുപുഴ: കടകള്‍ ആഴ്ചയില്‍ 6 ദിവസം പൂര്‍ണമായി തുറക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു എങ്കിലും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ അപ്രായോഗികമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.
തെറ്റായ നിബന്ധനകള്‍ മൂലം പോലീസിനു വ്യാപാരികളെ പിഴിയുന്നതിന് സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്. വ്യാപാരികളാണ് കോവിഡ് പരത്തുന്നത് എന്നുള്ള സര്‍ക്കാര്‍ സമീപനം അങ്ങേയറ്റം അപലപനീയമാണ് എന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
നിലവില്‍ പല വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി വ്യാപാരികള്‍ കടക്കെണിയിലാണ്. കഴിഞ്ഞ ദിവസം സേനാപതിയില്‍ കടബാധ്യത മൂലം വ്യാപാരി ആത്മഹത്യ ചെയ്തു. ഇതില്‍ നിന്നും തന്നെ വ്യക്തമാണ് സര്‍ക്കാര്‍ വ്യാപാരികള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അപര്യാപ്തമാണെന്ന്. വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ, വ്യാപാരികള്‍ക്കായി പ്രത്യേക പാക്കേജ് അനുവദിച്ച് സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉദാസീനത തുടര്‍ന്നാല്‍ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം തുടരുമെന്നും യോഗം ഓര്‍മ്മപ്പെടുത്തി.
ജനങ്ങള്‍ക്ക് വാക്‌സിന്‍ കൊടുക്കണ്ട ഉത്തരവാദിത്തം വ്യാപാരികള്‍ക്ക് അല്ല. അതു സര്‍ക്കാരിനും അതാതു മേഖലകളിലെ തദ്ദേശസ്ഥാപനങ്ങള്‍ക്കുമാണ്. വാക്‌സിനേഷന്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്താല്‍ മാത്രമാണ് മൂന്നാം തരംഗത്തെ പിടിച്ചു നിര്‍ത്താന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ പറയുന്ന തെറ്റായ നിബന്ധനകള്‍ പാലിച്ചു കച്ചവടം ചെയ്താല്‍ വ്യാപാരം വളരുകയല്ല ചെയ്യുന്നത്, തളരുകയാണ് ചെയ്യുന്നത് എന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ജോസ് വഴുതനപിള്ളില്‍, ജില്ലാ സെക്രട്ടറി ആര്‍.രമേഷ്, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി ജി രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ്മാരായ ടോമി സെബാസ്റ്റിയന്‍, അജീവ് പി, സാലി എസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍, യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി തുടങ്ങിയവര്‍ പങ്കെടുത്തു.
