കാളിയാറില്‍ വാഹനങ്ങള്‍ ഉരസിയത് സംബന്ധിച്ച കൈയാങ്കളി: ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു


തൊടുപുഴ: വണ്ണപ്പുറം കാളിയാറില്‍ വാഹനങ്ങള്‍ ഉരസിയത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് യുവാവും പോലീസ് ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കാളിയാര്‍ പള്ളിക്കവലയിലാണ് സംഭവം. പഴയരിക്കണ്ടത്ത് നിന്നുവന്ന പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ രാജിന്റെ കാറും വണ്ണപ്പുറം സ്വദേശി ജസീറിന്റെ ജീപ്പും തമ്മില്‍ മുണ്ടന്മുടിയില്‍ വച്ച് ഉരസിയിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ പോകുകയും പിന്തുടര്‍ന്നുപോയ ജീപ്പ് കാളിയാര്‍ പള്ളിക്കവലയില്‍ കാറിനെ വിലങ്ങി ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയുമായിരുന്നു. ഇത് കൈയാങ്കളിയില്‍ ആയതോടെ തടസം പിടിക്കാന്‍ ചെന്ന ജസീറിന്റെ മാതാവ് ഷീബ സലീമിന് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പരാതി. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കാളിയാര്‍ പോലീസ് കേസെടുത്തിരുന്നു. പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ എതിര്‍ കക്ഷികള്‍ക്കെതിരെയും കേസെടുത്തു.
