Thodupuzha

ജില്ലയില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ആദ്യം ദിനം വാങ്ങിയത് അയ്യായിരത്തോളം പേര്‍

ഇടുക്കി : സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റിന്റെ വിതരണം ജില്ലയില്‍ ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ – താലൂക്ക് തലങ്ങളിലെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ജനപ്രതിനിധികള്‍ റേഷന്‍ കടകളിലെത്തുന്നവര്‍ക്ക് കിറ്റുകള്‍ കൈമാറിക്കൊണ്ടാണ് വിതരണം ആരംഭിച്ചത്. ആദ്യ ദിനം അയ്യായിരത്തോളം കാര്‍ഡുടമകള്‍ കിറ്റ് വാങ്ങി.

ജില്ലയില്‍ അഞ്ച് താലൂക്കുകളിലുമായി 687 റേഷന്‍ കടകളാണുള്ളത്. 33,590 എഎവൈ (മഞ്ഞ കാര്‍ഡ്), 1,29,672 മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്), 71,174 സബ്‌സിഡി വിഭാഗം (നീല കാര്‍ഡ്), പൊതുവിഭാഗം 77,017 (വെള്ള കാര്‍ഡ്) എന്നിങ്ങനെ 3,11,453 കിറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ എഎവൈ കാര്‍ഡിനുള്ള കിറ്റാണ് ആദ്യ ഘട്ടമായി നല്‍കുന്നത്. ഇതിനുള്ള കിറ്റുകള്‍ പൂര്‍ണ്ണമായും റേഷന്‍ കടകളിലെത്തിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റ് വിഭാഗങ്ങള്‍ക്ക് കൂടിയുള്ള കിറ്റുകള്‍ കടകളിലെത്തിക്കും. ആഗസ്ത് 18ന് മുമ്പായി എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.

 

ഒരു കിലോ പഞ്ചസാര, 500 മി.ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞള്‍, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ് (20 ഗ്രാം) ഏലക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശര്‍ക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യ കിറ്റില്‍ ഉണ്ടാവുക.

 

 

ചിത്രം: സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി നല്‍കുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം തൊടുപുഴയില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

Related Articles

Back to top button
error: Content is protected !!