മൈലക്കൊമ്പ് മൽസ്യ കുളത്തിലെ മീൻ മോഷണം: അഞ്ചംഗ സംഘം പിടിയിൽ


തൊടുപുഴ: മൈലക്കൊമ്പില്‍ മല്‍സ്യക്കുളത്തില്‍ നിന്നും വളര്‍ത്തു മല്‍സ്യങ്ങളെ മോഷ്ടിച്ച കൗമാരക്കാരെ നാട്ടുകാര്‍ പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ വീണ്ടും മോഷണത്തിനെത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചംഗ സംഘമാണ് മോഷണം നടത്തിയത്. മൈലക്കൊമ്പ് വഴുതലക്കാട്ട് സിറില്‍ ജോസിന്റെ മുപ്പതു സെന്റ് കുളത്തിലെ മല്‍സ്യങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. തൊടുപുഴ സിഐയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കുളം മൂടിയിരുന്ന വല മുറിച്ചു മാറ്റി അകത്തു കടന്നാണ് ചൂണ്ടയും കോരുവലയും ഉപയോഗിച്ച് മല്‍സ്യത്തെ പിടിച്ചിരുന്നത്. പിടിയിലായവര്‍ കുമാരമംഗലം , പാറ ,വെങ്ങല്ലൂര്‍ ഭാഗത്തു നിന്നുള്ളവരാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഇവരെ കുളത്തിനടുത്തു കണ്ട നാട്ടുകാര്‍ തടഞ്ഞു വച്ച് മല്‍സ്യ കൃഷി നടത്തുന്ന സിറിലിനെയും സുഹൃത്തുക്കളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ അറിയിച്ചു. മോഷണം നടത്തിയവര്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ രക്ഷിതാക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി താക്കീതു നല്‍കി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.
