മുള്ളരിങ്ങാട്-വെള്ളക്കയം റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് കലുങ്ക് അപകടാവസ്ഥയില്‍


തൊടുപുഴ: മുള്ളരിങ്ങാട്-വെള്ളക്കയം റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് കലുങ്ക് അപകടാവസ്ഥയില്‍. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍. മുത്തിക്കുന്ന് ഭാഗത്തുള്ള കലുങ്കാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പട്ടയക്കുടി, വെള്ളെള്ള്, വെള്ളക്കയം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാര്‍ഗം കൂടിയാണ് ഈ റോഡ്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനോടു ചേര്‍ന്നു തന്നെയുള്ള കലുങ്കിന്റെയും അടിവശം അപകടാവസ്ഥയിലാണ്. റോഡിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണ് ഇവിടം. അതിനാല്‍ അപകടസാധ്യതയും ഏറെയാണ്. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കാട്ടുചെടികള്‍ ഉള്ളതിനാലും വളവുമായതിനാലും അടുത്തെത്തുമ്പോള്‍ മാത്രമാണ് ഡ്രൈവര്‍മാര്‍ക്ക് അപകടാവസ്ഥ മനസിലാവുകയുള്ളൂ. അതിനാല്‍ തന്നെ ഇവിടെ അപകടങ്ങളും പതിവാണ്. ഏകദേശം നാല്‍പതു വര്‍ഷത്തെ പഴക്കമുള്ള കലുങ്കിന്റെ അടിവശമാണ് മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായിരിക്കുന്നത്. റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞും കലുങ്കിന്റെ അപകടാവസ്ഥയും നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
