Thodupuzha

ജില്ലയിലെ മുഴുവന്‍ വികസനപ്രവര്‍ത്തനങ്ങളുടെയും  പിതൃത്വം ഏറ്റെടുക്കുവാനുള്ള തൊടുപുഴ എംഎല്‍എ യുടെ ശ്രമം പരിഹാസ്യം: കേരള കോണ്‍ഗ്രസ് (എം)  

തൊടുപുഴ: ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മലങ്കര ഡാം പദ്ധതി പ്രദേശവും ഇടുക്കി നിയോജക മണ്ഡലത്തിലെ നാടുകാണി, കൊലുമ്പന്‍ സ്മാരകം, ഇടുക്കി ജലവൈദ്യുത പദ്ധതിയോട് അനുബന്ധിച്ചുള്ള ഹൈഡല്‍ ടൂറിസം എന്നിവ നടപ്പാക്കുന്നതിന് മുന്‍കൈയെടുത്തത് താനാണെന്ന മട്ടില്‍ പ്രചരണം നടത്തുന്ന തൊടുപുഴ എംഎല്‍എയുടെ നിലപാട് പരിഹാസ്യമെന്ന് കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള പദ്ധതി നടപ്പില്‍ വരാന്‍ പോകുന്നത് തന്റെ മിടുക്ക് കൊണ്ടാണെന്ന പ്രചരണം തൊടുപുഴ എംഎല്‍എയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അഞ്ചുതവണ പരാജയമറിയാതെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ഭാഗമായി മലങ്കര ജലാശയം ഉള്‍പ്പെടുന്ന ജലവിഭവ വകുപ്പിന്റെ മന്ത്രിയായി കഴിഞ്ഞ മേയ് 20 മുതല്‍ ചുമതലയേറ്റ് പ്രവര്‍ത്തിക്കുന്ന റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൊടുപുഴ എംഎല്‍എയുടെ ഒത്താശയും ഉപദേശവും ആവശ്യമില്ല. അഞ്ചുവര്‍ഷക്കാലം ജലവിഭവ വകുപ്പിന്റെ മന്ത്രിയായി പ്രവര്‍ത്തിച്ച തൊടുപുഴ എംഎല്‍എയ്ക്ക് തന്റെ മണ്ഡലത്തിലെ മലങ്കര ജലാശയവുമായി ബന്ധപ്പെട്ട ടൂറിസം പ്രോജക്ടുകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ കഴിഞ്ഞില്ല. പദ്ധതികളെ സംബന്ധിച്ച് ഇടയ്ക്കിടയ്ക്ക് പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുക മാത്രമാണ് എംഎല്‍എ തുടര്‍ന്ന് പോന്നിരുന്നത്. ജലവിഭവ വകുപ്പും ടൂറിസം വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി ജില്ലയിലെ ഗ്രീന്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‌സിയെക്കൊണ്ട് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി വകുപ്പ് അധ്യക്ഷന്‍ മാരുമായി വിശദമായ ചര്‍ച്ച നടത്തി മന്ത്രിസഭയുടെ അംഗീകാരത്തോടെ കേന്ദ്രത്തിന് പ്രോജക്റ്റ് സമര്‍പ്പിക്കും. ഇതു മനസ്സിലാക്കിയ തൊടുപുഴ എംഎല്‍എയും സഹപ്രവര്‍ത്തകരും പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ പരിശ്രമിക്കുന്നത് തികച്ചും പരിഹാസ്യമാണ്. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എംഎല്‍എ പരിശോധിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം തൊടുപുഴ സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ ശരാശരിയില്‍ നിന്നും പിന്നോട്ട് പോയതിന്റെ ജാള്യത മറക്കാനാണ് അവകാശ വാദങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്. ഇടുക്കി നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ബാഹ്യമായ യാതൊരു ഉപദേശമോ ഇടപെടലോ ആവശ്യമില്ല. വസ്തുത മറച്ചു വെച്ചുകൊണ്ട് താനെന്തോ വലിയ സംഭവമാണെന്ന് കാണിക്കുവാനായി പരിശ്രമിക്കുന്നത് സീനിയറായ ജനപ്രതിനിധിക്ക് ചേര്‍ന്നതല്ല എന്ന് തൊടുപുഴ എംഎല്‍എ മനസ്സിലാക്കണം. സംസ്ഥാനം ഭരിക്കുന്ന ഗവണ്‍മെന്റിനും അതില്‍ പങ്കാളിയായ മന്ത്രിയ്ക്കും തന്റെ മണ്ഡലത്തിലെ വികസന കാഴ്ചപ്പാടുകള്‍ സംബന്ധിച്ച് ദീര്‍ഘവീക്ഷണവും ഉത്തരവാദിത്വവും കടമയും ഉണ്ടെന്നും കേരള കോണ്‍ഗ്രസ് എം അഭിപ്രായപ്പെട്ടു.

പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷനായിരുന്നു. നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നം കോട്ട്, ജയകൃഷ്ണന്‍ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയില്‍, മാത്യു വാരിക്കാട്ട്, അപ്പച്ചന്‍ ഓലിക്കാരോട്ട്, അഡ്വ. ബിനു തോട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!