വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കുക: തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്


തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് എതിരെ ശക്തമായ സമരപരിപാടികളുമായി വ്യാപാരികള്‍. വികലമായ കോവിഡ് പ്രോട്ടോകോളുകള്‍ അശാസ്ത്രീയമാണ് എന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടും അതു തിരുത്തുന്നത്തിനോ വ്യാപാരി പ്രതിനിധികളുമായി ഒരു ചര്‍ച്ച നടത്തുന്നതിനോ മുഖ്യമന്ത്രി തയാറാകാത്തത് വ്യാപാരികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സമരത്തില്‍ പങ്കെടുത്ത വ്യാപാരികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ അസോസിയേഷന് പ്രതിഷേധിച്ചു. വികലമായ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ടു പോയാല്‍ വ്യാപാരികള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍, ജില്ലാ സെക്രട്ടറി ആര്. രമേഷ്, അസോസിയേഷന് ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി. ജി രാമചന്ദ്രന് നായര്‍, ഓള് കേരള സൈക്കിള്‍ ഡീലര്‍സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് നവാസ് സി.കെ, ടെക്സ്റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് താജു എം.ബി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു.
