Thodupuzha

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദം ലീഗ് നിലപാട് അപഹാസ്യം – ഐ. എന്‍.എല്‍

തൊടുപുഴ: പാലോളി കമ്മിറ്റി നിര്‍ദേശിച്ച ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതി നിര്‍ദേശം മാനിച്ച് കൂടുതല്‍ തുക വകയിരുത്തി ആര്‍ക്കും നഷ്ട മുണ്ടാകാത്ത വിധം പുനഃക്രമീകരിച്ച സര്‍ക്കാര്‍ നടപടിയെ സാമുദായിക വിവേചനമായി ചിത്രീകരിക്കുന്ന നടപടിയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് എം. എം സുലൈമാന്‍ ആവശ്യപ്പെട്ടു.

 

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കണക്കിലെടുത്ത് പാലോളി കമ്മിറ്റിയെ നിയോഗിച്ചതും നിര്‍ദേശങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കിയതും ഇടതുപക്ഷ സര്‍ക്കാരാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കിയും സ്‌കോളര്‍ഷിപ്പുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ആവുന്നത്ര പേരിലെത്തിച്ചും ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയ ന്യൂനപക്ഷ ക്ഷേമവകുപ്പിനെ ഇല്ലാക്കഥകളുടെ പേരില്‍ നിരന്തരം വേട്ടയാടിയവരാണ് പുതിയ വിവാദത്തിന് ചുക്കാന്‍ പിടിക്കുന്നത്.

 

പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ ഉള്‍ക്കൊള്ളാനും തിരുത്താനും സര്‍ക്കാര്‍ സന്നദ്ധമാണെന്നിരിക്കെ വൈകാരിക വാദങ്ങളുയര്‍ത്തി രംഗം കൊഴുപ്പിക്കുന്നതും സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതും അപകടകരവും അപലപനീ യവുമാണെന്ന് ഇവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!