Moolammattam

മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലും  അക്കാഡമിയിലും വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

തൊടുപുഴ: മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലും സെന്റ് ജോസഫ്‌സ് അക്കാഡമിയിലും 2021 -22 അധ്യയന വര്‍ഷം മുതല്‍ പ്രവേശനം ലഭിക്കുന്ന പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവേശനം നേടുന്ന ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കാണ്

സ്‌കോളര്‍ഷിപ്പ്. കലാലയത്തിന്റെ സുവര്‍ണ ജൂബിലിക്ക് തുടക്കംകുറിച്ചുള്ള ആഘോഷത്തിന്റെ ഭാഗമായാണ് ഹൃദയപൂര്‍വം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കായി തുക നല്‍കുന്നത് അധ്യാപകരും കോളജ് മാനേജ്‌മെന്റും ചേര്‍ന്നാണ്.

സര്‍ക്കാരും വിവിധ ഏജന്‍സികളും പി.ടി.എയും പൂര്‍വ വിദ്യാര്‍ഥികളും നല്‍കുന്ന സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടാത്തതാണ് ഈ പദ്ധതി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള കരുതലാണ് പദ്ധതിയിലുടെ വിഭാവനം ചെയ്യുന്നത്. അര്‍ഹരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. നിലവില്‍ രണ്ട് സ്ഥാപനങ്ങളിലും പഠിക്കുന്ന 80 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പിന്റെ പ്രയോജനം ലഭിക്കും.

മൂലമറ്റം സെന്റ് ജോസഫ്സ് കോളജില്‍ ബി.എസ്‌.സി കെമിസ്ട്രി, ബി.എസ്‌.സി ഫിസിക്‌സ്, ബി.എസ്‌.സി മാത്തമാറ്റിക്‌സ്, ബി.എ ഇക്കണോമിക്‌സ്, ബി.എ ഇംഗ്ലീഷ്, ബി.ബി.എം കോഴ്സുകള്‍ക്കും, പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌.സി ഡാറ്റ സയന്‍സ് കോഴ്സിനും, മൂലമറ്റം സെന്റ് ജോസഫ്സ് അക്കാഡമിയില്‍ ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.കോം ടാക്‌സ്, ബി.കോം കോ-ഓപ്പറേഷന്‍, ബി.കോം ലോജിസ്റ്റിക് മാനേജ്‌മെന്റ്, ബി.സി.എ, ബി.എ ആനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈനിങ് എന്നീ കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കും. പത്രസമ്മേളനത്തില്‍ സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എം.ജി.സാബുക്കുട്ടി, അക്കാഡമി പ്രിന്‍സിപ്പല്‍ ഡോ.ബേബി ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ പി.എസ്.സിന്ധു, ഡോ.ജോസ് ജെയിംസ്, ഡോ. റോബിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!