ഒളിമ്പിക്സ് ദീപശിഖാ പ്രയാണം – ചിയര്‍ ഫോര്‍ ഇന്ത്യ ഇന്ന് (23) ചെറുതോണിയില്‍


ചെറുതോണി : ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 32-മത് ടോക്കിയോ ഒളിമ്പിക്സിന് അഭിവാദ്യമര്‍പ്പിച്ചും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നും ഒളിമ്പിക്സ് ഉദ്ഘാടന ദിനമായ ജൂലൈ 23 ന് ചെറുതോണി ടൗണില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് കോവിഡ് മാനദണ്ഡം പാലിച്ചു ദീപശിഖാപ്രയാണം നടത്തുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രഡിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ഒളിമ്പിക് – 2020 ദീപശിഖ പ്രതീകാത്മകമായി തിരി കൊളുത്തും. ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഒളിമ്പിക് ദിന സന്ദേശം നല്‍കും.
ചടങ്ങില്‍ കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗ്ഗീസ് ദീപശിഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി.സബീഷ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ നിമ്മി ജയന്‍, മര്‍ച്ചന്റ് അസ്സോസിയേഷന്‍ പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാര സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങി സാമൂഹിക – രാഷ്ട്രീയ – കായിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ചടങ്ങില്‍ ഇടുക്കി ജില്ലയില്‍ നിന്നും ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന സജന്‍ പ്രകാശിന്റെ മാതാവും,, അത്ലറ്റിക്സില്‍ ദേശീയ മെഡല്‍ ജേതാവുമായ വി.ജെ.ഷാന്റിമോള്‍, ജില്ലയില്‍ നിന്നും പരിശീലകരുടെ സേവനമില്ലാതെ യൂട്യുബ് ചാനലുകള്‍ കണ്ടുപഠിച്ച് ജിംനാസ്റ്റിക്സില്‍ ജനശ്രദ്ധ നേടിയ തൊടുപുഴ സ്വദേശിയായ 3-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആന്‍ഡ്രിയ സജി എന്നിവരെ ആദരിക്കും.
