ശബരി റെയില്‍വേ കാലടി-രാമപുരം പുതുക്കിയ എസ്റ്റിമേറ്റ് അടിയന്തിരമായി അനുവദിക്കണം- അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി


തൊടുപുഴ: അങ്കമാലി-ശബരിമല റെയില്‍വേ പദ്ധതിയുടെ കാലടി-രാമപുരം (ഒന്നാം റീച്ച്) ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുക 2825 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി സതേണ്‍ റെയില്‍വെ മാനേജര്‍ക്ക് കത്ത് നല്കി. പദ്ധതി ചിലവിന്റെ 50% തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം കേരളസര്‍ക്കാര്‍ കഴിഞ്ഞ ജനുവരി ആദ്യവാരം അംഗീകരിച്ച് കത്ത് നല്‍കിയിരുന്നു. കേരളം വഹിക്കേണ്ട തുകയുടെ 50% കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ് വഴി പങ്കിടാനും 2000 കോടി രൂപ പദ്ധതി നടത്തിപ്പിനായി അനുവദിക്കാനും കേരളസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ശബരി റെയില്‍വേ ലൈനിന്റെ 70 കിലോമീറ്ററിനുള്ള അതിര്‍ത്തി നിര്‍ണ്ണയിച്ച് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലിട്ടിരിക്കുന്നതാണ്. നിര്‍ദ്ദിഷ്ട പാതയില്‍ വരുന്ന ഭൂവുടമകള്‍ക്ക് അവരുടെ ഭൂമി വില്‍ക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല പദ്ധതിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ അവര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാനോ നന്നാക്കാനോ സാധിക്കുന്നുമില്ല. പ്രധാനമന്ത്രിയുടെ പ്രഗതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക റെയില്‍വേ വികസന പദ്ധതിയാണ് ശബരി റെയില്‍വേ ലൈന്‍. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയില്‍വേ അവലോകന യോഗത്തില്‍ റെയില്‍വേ സോണല്‍ ഓഫീസുകളെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.
രാജ്യത്തെ വിവിധ റെയില്‍വേ വികസന പദ്ധതികള്‍ക്ക് റെയില്‍വേ ഗഡുക്കളായാണ് ഫണ്ട് നല്കി വരുന്നത്. ശബരി റെയില്‍വേ ലൈന്‍ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് (2825 കോടി രൂപ – 70 കി. മീ. – ഒന്നാം റീച്ച് ) കേരള റെയില്‍ വികസന കോര്പ്പറേഷന് ലിമിറ്റഡ് (കെ. ആര്. ഡി. സി. എല്‍) സതേണ്‍ റയില്‍വേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതാണ്. ശബരി റെയില്‍വേ പ്രോജക്റ്റിന്റെ രണ്ടാം റീച്ചിന്റെ (41 കിമീ) പരിഷ്കരിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ലിഡാര്‍ സര്‍വേ ആവശ്യമായിട്ടുള്ളതും ഇത് കെ. ആര്. ഡി. സി. എല്ലിനു നല്കിയിട്ടുള്ളതുമാണ്. ഒക്ടോബര്‍ വരെ കേരളത്തില്‍ മണ്‍സൂണ്‍ സീസണ് ആയതിനാല്‍ , ശബരി റെയില്‍വേ പദ്ധതിയുടെ രണ്ടാം റീച്ചിന്റെ (41 കി.മീ) പരിഷ്കരിച്ച എസ്റ്റിമേറ്റ് തയ്യാറാക്കാനും സമര്‍പ്പിക്കാനും സമയമെടുത്തേക്കാം. എറണാകുളം ജില്ലയിലെ ശബരി റെയില്‍വേ ലൈന്‍ പദ്ധതിയുടെ ഭൂമി വില നല്‍കുന്നതിനുള്ള സോഷ്യല്‍ ഇംപാക്റ്റ് അസ്സസ്മെന്റ് പഠനം പൂര്ത്തിയാക്കിയതുതാണ്. ഈ സാഹചര്യത്തില്‍ ലഭ്യമായ ഭൂമിയില്‍ പാത നിര്‍മ്മാണം ആരംഭിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഈ മാസം 19 ന് പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ കാണുമെന്നും ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
