Thodupuzha

സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കണം-മുസ് ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

തൊടുപുഴ: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അട്ടിമറിച്ചും ശരിയായ നിലപാടുകള്‍ സ്വീകരിക്കാതെയും ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചും കേരളത്തിലെ ഇടത് സര്‍ക്കാര്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടത്തുന്നതെന്ന് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് സിയാദ് ആരോപിച്ചു.

സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കുക, മുന്നോക്ക പിന്നോക്ക സ്‌കോളര്‍ഷിപ്പുകളുടെ അന്തരം ഒഴിവാക്കി ഏകീകരിക്കുക, ജനസംഖ്യാനുപാതിക തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ് ലിം യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇരുമ്പുപാലത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സച്ചാര്‍ സമിതി മുസ് ലിം പരിരക്ഷ ഉറപ്പാക്കാന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെ അട്ടിമറിക്കാന്‍ പാലോളി കമ്മിറ്റിയെ വച്ചത് അന്നത്തെ ഇടത് സര്‍ക്കാരാണ്. അവര്‍ മുസ് ലിം എന്നത് ന്യൂനപക്ഷം എന്നാക്കി മാറ്റി അട്ടിമറിക്ക് തുടക്കമിട്ടു.

പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഷയം കോടതിയിലെത്തിയപ്പോള്‍ വസ്തുതകള്‍ മറച്ച് വെച്ചും ശരിയായ വിവരം ധരിപ്പിക്കാതെയും സ്‌കോളര്‍ഷിപ്പ് പദ്ധതി അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കേരളത്തിലെ മുസ് ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങള്‍ അട്ടിമറിച്ചും സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ നിലപാടുകള്‍ സ്വീകരിച്ചും മുന്നോക്ക പിന്നോക്ക സ്‌കോളര്‍ഷിപ്പിലടക്കം അന്തരം നിലനിര്‍ത്തിയുമാണ് ഇടത് മുന്നണി മുന്നോട്ട് പോകുന്നത്.

ഇത് പ്രതിഷേധാര്‍ഹവും ആശങ്കാജനകവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തില്‍ സെന്‍ട്രല്‍ മസ്ജിദ് ഇമാം പി കെ മുഹിയദ്ദീന്‍ ബാഖവി അധ്യക്ഷനായി.

ടൗണ്‍ മസ്ജിദ് ഇമാം ജവാദ് ബദരി, പത്താംമൈല്‍ അസി: ഇമാം സുധീര്‍ മൗലവി,

വിസ്ഡം പ്രതിനിധി കെ കെ ഷംസുദ്ദീന്‍, സോളിഡാരിറ്റി പ്രതിനിധി അഷ്‌റഫ് കല്ലേലില്‍, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം ബി സൈനുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമരത്തിന്എസ് എം അബ്ദുള്‍ സലാം,എംഎം റഫീഖ്, എം പി അസീസ്, എം യു ഫസല്‍ (യൂത്ത് ലീഗ്)ഹസീബ് സെയ്ത് (സോളിഡാരിറ്റി)കെ എ ഹാരിസ് (കെ എന്‍എം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!