Kullamav

കുളമാവ് ഡാമില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം

കുളമാവ് : കുളമാവ് ഡാമില്‍ മീന്‍ പിടിക്കാന്‍ പോയി കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. രണ്ടാം ദിവസമായ  ഇന്ന്  തൊടുപുഴ, മൂലമറ്റം അഗ്നിരക്ഷാസേനാ യൂണിറ്റുകളുടെ നേതൃത്വത്തില്‍ രണ്ട് സംഘം സ്‌കൂബാ ടീം ഡാമില്‍ ഡിങ്കി ഉപയോഗിച്ച് തിരച്ചില്‍ നടത്തി.

 

കുളമാവ് മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിജു.കെ.കെ. (38), സഹോദരന്‍ ബിനു.കെ.കെ. (36) എന്നിവരെയാണ് കാണാതായത്.

കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള വനമേഖലയാണ് ചക്കിമാലി ഉള്‍പ്പെടുന്ന പ്രദേശം. മീന്‍ പിടിക്കുന്നതിനായി ചൊവ്വാഴ്ച്ച കെട്ടിയ വല അഴിച്ചെടുക്കുന്നതിനായി ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവര്‍ ഡാമിലേക്ക് പോയത്. ഉച്ചക്ക് 12 മണിയായിട്ടും തിരിച്ച് എത്താത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി. വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് നാല് മണിയോടെയാണ് കുളമാവിലുള്ളവര്‍ക്ക് അപകടത്തെപ്പറ്റി സൂചന ലഭിച്ചത്. കനത്ത മഴയും കാറ്റും മൂലം വള്ളം ഉപയോഗിച്ചുള്ള തിരച്ചില്‍ അപ്രായോഗികമായിരുന്നു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ തിരച്ചിലിനായി കുളമാവിലെ നേവിയുടെ ബോട്ട് ലഭിച്ചു. ബുധനാഴ്ച്ച രാത്രി 10 ന് മൂലമറ്റത്ത് നിന്നുള്ള അഗ്നി രക്ഷാ സേനയും പ്രദേശവാസികളും ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഏതാനും ഉദ്യോഗസ്ഥരും സംഭവം നടന്ന സ്ഥലത്ത് തിരച്ചില്‍ നടത്തി. കാറ്റും മഞ്ഞും വെളിച്ചക്കുറവും മൂലം അര്‍ദ്ധരാത്രിയോടെ തിരച്ചില്‍ നിര്‍ത്തി.

 

ഇന്ന്  രാവിലെ ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രാവിലെ മുതല്‍ ജില്ലാ ഫയര്‍ ഓഫീസര്‍ റെജി. വി. കുര്യാക്കോസ്, മൂലമറ്റം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശശീന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സിന്റെ രണ്ട് സംഘം, സ്‌കൂബാ ടീം ഡാമില്‍ ഇവരെ കാണാതായതായി സംശയിക്കുന്ന കണ്ണംകയം ഭാഗത്ത് തിരച്ചില്‍ നടത്തി. ഇവിടെ നിന്നും ഇവരുടെ വള്ളം, വല, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി. കനത്ത കാറ്റും മഴയും മഞ്ഞും ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ വൈകിട്ട് മൂന്ന് മണിയോടെ തിരച്ചില്‍ നിര്‍ത്തി. വെള്ളിയാഴ്ച്ചയും തിരച്ചില്‍ തുടരുമെന്ന് എഡിഎം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!