Thodupuzha

വീടുകള്‍ വിദ്യാലയമാക്കി നെടുമറ്റം  ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍

തൊടുപുഴ: കോവിഡ് കാലത്ത് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും വീടുകള്‍ വിദ്യാലയമാക്കി മാറ്റിയിരിക്കുകയാണ് നെടുമറ്റം ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍. വിവിധ പഠനലാബുകള്‍ അടക്കം ഒരുക്കിയാണ് മിക്കവരും വീടുകള്‍ വിദ്യാലയമാക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് തുടങ്ങിയ പദ്ധതി ഇപ്പോള്‍ എല്ലാ വീടുകളിലും പൂര്‍ത്തിയാക്കുകയാണെന്ന് ഹെഡ്മിസ്ട്രസ് ടി.ബി മോളിയും പറഞ്ഞു. ‘വീടൊരു വിദ്യാലയം പദ്ധതി’ രക്ഷിതാക്കളും കുട്ടികളും ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ശാസ്ത്രലാബ്, ഗണിതലാബ്, ലൈബ്രറി, മത്സ്യക്കുളം, ജൈവ വൈവിധ്യ ഉദ്യാനം വരെ. സ്‌കൂളിനെ മാതൃകയാക്കിയവരും ഉണ്ട്. സ്വന്തമായി ഓരോ കുട്ടിയും അക്കാദമിക് കലണ്ടറും തയാറാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ വീടൊരു വിദ്യാലയം ആക്കാന്‍ ഗവണ്‍മെന്റും അക്കാദമിക വിദഗ്ധരും പദ്ധതിയിട്ടപ്പോള്‍ത്തന്നെ നെടുമറ്റം സ്‌കൂള്‍ അവരുടെ തനതുപദ്ധതിയായ വീടൊരു വിദ്യാലയം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. പി.ടി.എയുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ മുപ്പതോളം ഡിജിറ്റല്‍ ഡിവൈസ് ഇതിനോടകം കുട്ടികള്‍ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികള്‍ക്ക് ലൈബ്രറിയൊരുക്കാന്‍ നല്‍കിയിട്ടുണ്ട്. പഠനോപകരണങ്ങള്‍ കുറവുള്ളവര്‍ക്ക് പഠനോപകരണങ്ങളുംകൂടി നല്‍കിയാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. ലോക്ഡൗണ്‍ കാലത്തെ അധ്യാപന മികവും പഠനപ്രവര്‍ത്തനങ്ങളുടെ മികവും പി.ടി.എയുടെ ഇടപെടലും ഒന്നിച്ചുചേര്‍ന്നപ്പോള്‍ കുട്ടികളുടെ എണ്ണം 195 ല്‍ നിന്നു 261 ലേക്ക് ഉയര്‍ന്നു. സ്‌കൂള്‍ എസ്.ആര്‍.ജി, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, പഞ്ചായത്ത് ഈ ഘടകങ്ങള്‍ ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചതിന്‍െ.റ ഫലമായാണ് സ്‌കൂളിന് ഈ മികവ് കൈവരിക്കാന്‍ സാധിച്ചത്.

 

Related Articles

Back to top button
error: Content is protected !!