Thodupuzha

പാതയുടെ പ്രഖ്യാപനം നടന്നത് 24 വര്‍ഷം മുന്‍പ്  ഉടുമ്പന്നൂര്‍-മൂവാറ്റുപുഴ-തേനി  സംസ്ഥാന ഹൈവേ പ്രഖ്യാപനം കടലാസില്‍ -നാട്ടുകാര്‍ ഗ്രാമവികസന സമിതി രൂപീകരിച്ചു

തൊടുപുഴ: ഉടുമ്പന്നൂര്‍-മൂവാറ്റുപുഴ-തേനി സംസ്ഥാന ഹൈവേ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. ഗ്രാമവികസന സമിതി രൂപീകരിച്ച് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. 24 വര്‍ഷം മുന്‍പാണ്

ഉടുമ്പന്നൂര്‍-മൂവാറ്റുപുഴ-തേനി സംസ്ഥാന ഹൈവേ റോഡ് പ്രഖ്യാപനം നടന്നത്. മൂവാറ്റുപുഴ മുതല്‍ പെരുമാംകണ്ടം വരെയുള്ള എറണാകുളം ജില്ലയുടെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനു മുന്‍പ് പല തവണകളായി നടത്തിയിരുന്നു. എന്നാല്‍ ഇടുക്കി ജില്ലയിലൂടെ കടന്നു പോകുന്ന ഈ റോഡ് രണ്ടും മൂന്നും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ ഹൈവേയുടെ യാതൊരുപണികളും നടത്തിയിട്ടില്ല. ഇപ്പോള്‍ ഹൈറേഞ്ചുമായി ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേയടക്കം പല റോഡുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും നിര്‍ദിഷ്ട റോഡിന് വേണ്ടി യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ചീനിക്കുഴി-പെരിങ്ങാശേരി-ഉപ്പുകുന്ന് വഴി തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ പാറമട എന്ന ഭാഗത്താണ് ഈ റോഡ് ചെന്നു ചേരുന്നത്. 15 കിലോ മീറ്റര്‍ ദൂരമാണ് പാറമട മുതല്‍ ഉടുമ്പന്നൂര്‍ വരെ വീതികൂട്ടി പണി തീര്‍ത്ത റോഡിലെത്താനുള്ള ദൂരം.

നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ഈ പ്രദേശത്ത് വന്ന് കുടിയേറിപ്പാര്‍ത്ത കര്‍ഷകരും ആദിവാസികളുമടങ്ങുന്നവരുടെ വലിയ പ്രതീക്ഷയായിരുന്നു നിര്‍ദിഷ്ട റോഡ്. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളടക്കം വിദ്യാലയങ്ങളും നിരവധി ആരാധനാലയങ്ങളും ടൂറിസത്തിന് അനന്ത സാധ്യതകളുള്ള വിവിധ മേഖലകളിലൂടെയുമാണ് നിര്‍ദിഷ്ട റോഡ് കടന്നു പോകുന്നത്. ഉപ്പുകുന്നിന്റെ തണുത്ത കാലാവസ്ഥയും മഞ്ഞും മലമടക്കുകളും സൂയിസൈഡ് പോയിന്റുകളും ഇടുക്കി ജലാശയം തുടങ്ങി പ്രകൃതിരമണീയമായ മേഖലയിലൂടെ കടന്നു പോകുന്ന പ്രധാനമായ ഈ റോഡ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ വികസന പാതയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുളമാവ് ഡാമിന്റെ സുരക്ഷ കണക്കിലെടുത്ത് ഒരു ബദല്‍ റോഡുകൂടിയാണ് ഇത്. ഹൈവേ വീതി കൂട്ടുന്നതിന് യാതൊരുവിധ തടസങ്ങളും നേരിടുന്നില്ല. റോഡ് വികസനത്തിനായി പാരിസ്ഥിതിക പ്രശ്‌നങ്ങളോ മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുന്നതിന്റെ ആവശ്യം വരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏറ്റവും മുതല്‍ മുടക്ക് കുറഞ്ഞതും തൊടുപുഴയില്‍ നിന്നും ജില്ലാ ഭരണ സിരാ കേന്ദ്രമായ പൈനാവിലെ കലക്ടറേറ്റിലേയ്ക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാനും കഴിയും. 24 വര്‍ഷമായിട്ടും റോഡ് യാഥാര്‍ഥ്യമാകാത്തതിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ചേര്‍ന്നു. ചീനിക്കുഴി, പെരിങ്ങാശേരി, മലയിഞ്ചി, ഉപ്പുകുന്ന് തുടങ്ങിയ പ്രദേശത്തെ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും മത സംഘടനാ മേധാവികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. ചീനിക്കുഴി പള്ളി വികാരി ഫാ. ജോസ് കിളക്കലില്‍ അധ്യക്ഷത വഹിച്ചു. സര്‍വകക്ഷി യോഗത്തില്‍ നിന്നും ഗ്രാമവികസന സമിതി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറായി ഫാ. ജോസ് കിഴക്കേല്‍, പ്രസിഡന്റായി ടോമി ചെറുതാനിക്കല്‍ ഉപ്പുകുന്ന്, വൈസ് പ്രസിഡന്റായി നൈസി ഡെനില്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇളംദേശം), സെക്രട്ടറിയായി ജിജി വാളിയംപ്ലാക്കല്‍ ചീനിക്കുഴി, ജോയിന്റ് സെക്രട്ടറിയായി ജിജി സുരേന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇളംദേശം) എന്നിവരെയും 18 പ്രതിനിധികളേയും തെരഞ്ഞെടുത്തു. നിര്‍ദിഷ്ട പാതയുടെ നിലവിലെ നിജസ്ഥിതികളെ കുറിച്ച് പഠിച്ച് റോഡ് നിര്‍മാണത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുക, ടൂറിസവുമായി ബന്ധപ്പെട്ട നടപടികള്‍ ശ്രദ്ധചെലുത്തുക, കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഇല്ലാത്ത ഭാഗം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക തുടങ്ങിയവയാണ് ഗ്രാമവികസന സമിതിയുടെ ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി ജിജി വാളിയംപ്ലാക്കല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!