തെരഞ്ഞെടുപ്പ് പരാജയം: യു.ഡി.എഫ് നേതൃത്വത്തിന്റെ വീഴ്ചയെന്ന് മുസ്ലിംലീഗ് പ്രമേയം


തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം യു.ഡി.എഫ് നേതൃത്വത്തിന്റെ വീഴ്ചയെന്ന് മുസ്ലിംലീഗ് പ്രമേയം. ജില്ലയില്‍ യു.ഡി.എഫിനുണ്ടായ പരാജയം കാലേക്കൂട്ടിയുള്ള തെരെഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാതിരുന്നതിന്റെ ഫലമായാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമാണ് ജില്ലയില്‍ യു.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ പോലും ആരംഭിച്ചത്. വിവിധ സമുദായങ്ങള്‍ക്കിടയിലുണ്ടായ യു.ഡി.എഫുമായി ബന്ധപ്പെട്ട അനാരോഗ്യ ചര്‍ച്ചകളും മറ്റും ഗൗരവമായി വീക്ഷിക്കുന്നതിലും പരിഹരിക്കുന്നതിലും നേതൃത്വത്തിന് വീഴ്ചയുണ്ടായി. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന ലീഗ് നേതൃയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രമേയം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. കെ.എം ഖാദര്‍ കുഞ്ഞ്, എം.എം ബഷീര്‍, എസ്.എം ഷരീഫ്, പി.എസ് അബ്ദുള്‍ ജബ്ബാര്‍, ടി.എസ് ഷംസുദ്ദീന്, സലിം കൈപ്പാടം, അഡ്വ. ഇ.എസ് മൂസ, അനീഫ അറക്കല്‍, ടി.കെ നവാസ്, പി.എന്‍. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.
