Thodupuzha

ഭൂമിപതിവ് ചട്ട ഭേദഗതി: മന്ത്രി കെ.രാജന്റെ പ്രസ്താവന അവിശ്വസനീയമെന്ന് കേരളാ കോണ്‍ഗ്രസ്

തൊടുപുഴ: ഭൂമിപതിവ് ചട്ട ഭേദഗതി വൈകുന്നത് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത മൂലമെന്ന മന്ത്രി കെ.രാജന്റെ പ്രസ്താവന അവിശ്വസനീയവും ആത്മാര്‍ഥതയില്ലാത്തതും ആണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് ആരോപിച്ചു. ഭേദഗതിക്ക് ശേഷം പുതിയ ചട്ടങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടരുതെന്ന് സര്‍ക്കാരിന് താല്പര്യമുള്ളതുകൊണ്ടാണ് നിയമനിര്‍മാണം വൈകുന്നതെന്ന വാദം നിരര്‍ഥകവും അവിശ്വസനീയവുമാണ്. 1964 ലെയും 1993 ലെയും ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ എ.ജിയുടെ നേതൃത്വത്തില്‍ ചട്ടം തയാറാക്കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഈ ചട്ടങ്ങള്‍ ഉത്തരവാദിത്തപ്പെട്ട അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പ് സെക്രട്ടറിയും റവന്യൂ വകുപ്പ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ള സബ് കമ്മിറ്റിയാണ് തയാറാക്കിയത്. ഇതിനു ശേഷം ഒരു വര്‍ഷം പൂര്‍ത്തിയായെങ്കിലും ഈ ചട്ടങ്ങള്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തി നിയമമാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ലാത്തതിന്റെ വ്യക്തമായ തെളിവാണ്. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോരാണ് ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് കാലതാമസം വരുത്തുന്നത്. ഈ കാലതാമസം മൂലം ഇടുക്കി ജില്ലയില്‍ നിര്‍മ്മാണ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഭൂമിയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നില്ല. ജില്ലയില്‍ എത്തിയ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിരുദ്ധ നിലപാടുകളാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ റവന്യൂ മന്ത്രി വീണ്ടും ചട്ട ഭേദഗതി വരുത്തും എന്ന് പറയുന്നത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനപങ്കാളിത്തവും ജനരോഷവും ആളിക്കത്തിയത് തണുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നും ഭാഗം ജേക്കബ് ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!