Thodupuzha

തൊടുപുഴയില്‍ 25 ലക്ഷം വിലമതിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

തൊടുപുഴ: ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേര്‍ പിടിയില്‍. തൊടുപുഴ അഞ്ചിരി പാലകുന്നേല്‍ ജോണ്‍സ് (56), ഇഞ്ചിയാനി അഞ്ചിരി കേളകത്ത് കുര്യാക്കോസ് (47), മടക്കത്താനം പുല്‍ക്കുന്നേല്‍ കൃഷ്ണന്‍ (60) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് ഇന്റലിജന്റ്സിന്റേയും വിജിലന്‍സ് ഫ്ളൈയിങ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഒരടി വീതം വലുപ്പമുള്ള രണ്ട് ശില്‍പ്പങ്ങളാണ് പിടിച്ചെടുത്തത്. ജോണ്‍സന്റെ ഇഞ്ചിയാനിയിലുള്ള വീട്ടിലാണ് വില്‍പ്പനയ്ക്കായുള്ള ശില്‍പ്പങ്ങള്‍ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ ആനക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍ വില്‍പ്പനയ്ക്ക് ശ്രമിക്കുന്നതായി വനം വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഇന്റലിജന്റ്സിന് നേരത്തെ വിവരം ചോര്‍ന്ന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശില്‍പ്പങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ പ്രതികളുമായി ബന്ധപ്പെട്ടു. ശില്‍പ്പങ്ങളുടെ ചിത്രങ്ങളും മൊബൈല്‍ ഫോണ്‍ വഴി കൈമാറി. വിലപേശലിന് ഒടുവില്‍ 25 ലക്ഷം രൂപായ്ക്ക് കച്ചവടം ഉറപ്പിച്ചു. പണം നോട്ടായി തന്നെ വേണമെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറി ആനക്കൊമ്പ് നേരില്‍ വാങ്ങാനെന്ന വ്യാജേന വേഷം മാറി വനം വകുപ്പ് ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ അടുക്കലെത്തി. ആലക്കോട് ഇഞ്ചിനായി ഗവ സ്‌കൂളിന് സമീപത്ത് നിന്നും മാറി ഒറ്റപ്പെട്ട് നില്‍ക്കുന്ന വീട്ടിലായിരുന്നു പ്രതികളും ആനക്കൊമ്പുമുണ്ടായിരുന്നത്. സ്ഥലത്തെത്തിയ അന്വേഷണ സംഘം യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് ഉറപ്പിച്ചു. ഇതോടെ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയതനുസരിച്ച് കാത്ത് നിന്ന തൊടുപുഴയിലെ ഫ്ളൈയിങ് സ്‌ക്വാഡ് അംഗങ്ങള്‍ വീടിനുള്ളിലേക്ക് ഇരച്ച് കയറി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പുരാവസ്തുക്കളും വിഗ്രഹങ്ങളും ഉള്‍പ്പെടെയുള്ളവ കച്ചവടം ചെയ്യുന്നവരാണ് പ്രതികളെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക് ആനക്കൊമ്പ് ലഭിച്ചതെവിടെ നിന്ന് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിനീഷ് കുമാര്‍ ടി,ടി, ഡെപ്യൂട്ടി റെഞ്ച് ഫോസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ഇ.ബി. ഷാജു മോന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) സി.സുജിത്ത്, കെ.എ.സക്കീര്‍, കെ.എം .നൗഷാദ്, പി.എ.അഭിലാഷ്, കെ.നിധീഷ്, എ.കെ.ശ്രീശോഭ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!