Thodupuzha

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനം നാളെ; ജില്ലാ തല സന്ദേശയാത്രക്ക് ഇന്ന് തൊടുപുഴയില്‍ തുടക്കമാകും

തൊടുപുഴ :  ലോകാരോഗ്യ സംഘടന ജൂണ്‍ 15 മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനമായി ആചരിക്കുന്നു. വാര്‍ദ്ധക്യം ഇന്ന് സമൂഹം നേരിടുന്ന ഒരു വെല്ലുവിളിയാണ്. പുതുതലമുറയെ വളര്‍ത്തിയ മുതിര്‍ന്ന തലമുറ ഇന്ന് ഏറെ സങ്കീര്‍ണ്ണമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മുതിര്‍ന്നവരോടുള്ള അവഗണനയും അതിക്രമങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ഈ ഒരു പശ്ചാത്തലത്തിലാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു തൊടുപുഴയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശയാത്ര ജൂണ്‍ 14 ചൊവാഴ്ച രാവിലെ 9 മണിക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലയുടെ വിവിധഭാഗങ്ങളായ അടിമാലി, പാറത്തോട്, മുരിക്കാശ്ശേരി, ആനച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് മൂന്നാറിലെത്തുന്ന യാത്രയെ ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷന്‍ മെമ്പര്‍ അഡ്വ.ഭവ്യ, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ സ്വീകരിക്കും. സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

 

ജൂണ്‍ 15 നു രാജകുമാരിയില്‍ നിന്നും ആരംഭിക്കുന്ന സന്ദേശ യാത്ര നെടുങ്കണ്ടം, കുമളി, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ചെറുതോണിയില്‍ അവസാനിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ ടൗണില്‍ സന്ദേശയാത്രയെ സ്വീകരിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് സമാപന സന്ദേശം നല്‍കും. സന്ദേശ യാത്ര എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ വീഡിയോ പ്രദര്‍ശനം, തെരുവ് നാടകം, സെമിനാറുകള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പൊതുസമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെ വയോജന സംരക്ഷണത്തില്‍ ചുമതലാ ബോധം വളര്‍ത്തിയെടുക്കാനും, മുതിര്‍ന്ന പൗരര്‍ക്ക് അതിലൂടെ മെച്ചപ്പെട്ട ജീവിതവും, സാമൂഹ്യ സുരക്ഷിതത്വവും ഉറപ്പുവരുത്തുവാനും സാമൂഹ്യ നീതി വകുപ്പ് ഈ ദിനാചരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്

Related Articles

Back to top button
error: Content is protected !!