IdukkiLocal Live

ഇടുക്കി , ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്ക്

ഇടുക്കി : ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ഡാം തുറന്ന് കൊടുത്ത 12 മുതല്‍ വിഷുവരെ 1887 പേര്‍ അണക്കെട്ട് സന്ദര്‍ശിച്ച് മടങ്ങി.ഇതില്‍ 1609 മുതിര്‍ന്നവരും 278 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഹൈഡല്‍ ടൂറിസം റീജണല്‍ മാനേജര്‍ ഹരീഷ് പറഞ്ഞു. ചെറുതോണി അണക്കെട്ടിന് മുകളില്‍ അറ്റകുറ്റപ്പണി നടന്ന് വരുന്നതിനാല്‍ ഇടുക്കി അണക്കെട്ടിന്റെ പ്രവേശന കവാടത്തില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ദിവസം 850 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. മുതിര്‍ന്നവര്‍ക്ക് 150 രൂപയും പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നൂറ് രൂപയുമാണ് പ്രവേശന ഫീസ്.

ഡാമുകള്‍ക്ക് മുകളിലൂടെ കാല്‍ നടയാത്ര അനുവദിക്കില്ല. ഒരു സമയം പന്ത്രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബഗ്ഗി കാര്‍ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം കൗണ്ടറിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വേണം സന്ദര്‍ശകര്‍ ടിക്കറ്റുകള്‍ ഉറപ്പ് വരുത്താന്‍. ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാണ് നിലവിലുള്ളത്. ഡാം സന്ദര്‍ശിക്കാന്‍ അതിരാവിലെ മുതല്‍ സന്ദര്‍ശകരുടെ തിരക്കാണ്. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ചിട്ടുള്ളതിനാല്‍ ഡാം കാണാനാകാതെ നിരാശരായി മടങ്ങുന്നവര്‍ നിരവധിയാണ്. സുരക്ഷാകാരണങ്ങളാല്‍ ആറ് മാസമായി ഇവിടെ സന്ദര്‍ശനം അനുവദിച്ചിരുന്നില്ല. അണക്കെട്ടില്‍ സന്ദര്‍ശനം അനുവദിച്ചതോടെ ജില്ല ആസ്ഥാന മേഖലയിലെ വ്യാപാര രംഗത്ത് ഉണര്‍വുണ്ടായിട്ടുണ്ട്. മേയ് 31 വരെ സഞ്ചാരികള്‍ക്ക് ഡാം സന്ദര്‍ശിക്കാം.

 

Related Articles

Back to top button
error: Content is protected !!