ChuttuvattomThodupuzha

തൊടുപുഴ നഗരത്തിലെ ഗതാഗത കുരുക്ക്; പ്രശ്ന പരിഹാരത്തിന് ഗതാഗത ഉപദേശക സമിതി ചേര്‍ന്നു

തൊടുപുഴ: നിരന്തര പ്രതിസന്ധിയായി മാറിയ തൊടുപുഴ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് മുന്നോടിയായി നഗരസഭയില്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്‌കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകിട്ടും ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ഉപദേശക സമിതി യോഗം ചേര്‍ന്നത്. നഗരസഭ കൗണ്‍സിലര്‍മാര്‍, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ബസ് അസോസിയേഷന്‍ പ്രതിനിധികള്‍, മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് തുടങ്ങിയവരുടെ യോഗമാണ് വിളിച്ച് ചേര്‍ത്തത്.

പാലാ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആശിര്‍വാദ് തിയേറ്റര്‍ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് കോതായിക്കുന്ന് വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക് പോകുന്നതിന് യോഗം തീരുമാനിച്ചു. തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന് സമീപമുള്ള ബസ് സ്റ്റോപ്പിന്റെ ഷെയ്ഡ് നീക്കം ചെയ്യുന്നതിനും ആര്‍ച്ചിന്റെ പില്ലറുകള്‍ നീക്കം ചെയ്യുന്നതിനുമായി പൊന്‍കുന്നം കെ.എസ്.ടി.പി ഓഫീസിലേക്ക് കത്ത് നല്‍കുന്നതിനും യോഗം തീരുമാനമെടുത്തു. ഇടുക്കി ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങള്‍ (പാലാ, കോട്ടയം, മൂവാറ്റുപുഴ, മണക്കാട്) മാരിക്കലുങ്ക് വഴി തിരിച്ചുവിടാനും ബോര്‍ഡ് സ്ഥാപിക്കാനും തീരുമാനമെടുത്തു. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ഷാപ്പുംപടിയില്‍ നിന്ന് ഫോര്‍ ലൈന്‍, മങ്ങാട്ടുകവല വഴി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തണം. പുളിമൂട്ടില്‍ കവല ഭാഗത്ത് ഉടുമ്പന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വലത്തേക്ക് തിരിയുന്നത് നിരോധിക്കണം. വെങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ മുമ്പോട്ട് കയറ്റി നിര്‍ത്തുകയും ഇതിന് ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണം.

വെങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ നീരാളി മാര്‍ക്കറ്റിന് മുമ്പിലുള്ള ഭാഗത്ത് നിര്‍ത്തുകയും ബസ് സ്റ്റോപ്പ് ക്രമീകരിക്കുകയും വേണം.
ബോയ്സ് ഹൈസ്‌കൂള്‍ മുതല്‍ കെ.കെ.ആര്‍. ജങ്ഷന്‍ വരെ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് കച്ചവടത്തിനായി റോഡിലേക്ക് ഇറക്കി വെച്ചിട്ടുള്ളത് നിയന്ത്രിക്കണം. പാലാ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് മുന്‍പ് കല്ലേല്‍ ബില്‍ഡിങ്ങ് ഭാഗത്ത് നിര്‍ത്തി (ഹൈറേഞ്ച് ജങ്ങ്ഷന്‍) യാത്രക്കാരെ ഇറക്കണം. ഇവിടുത്തെ ബസ് സ്റ്റോപ്പും ക്രമീകരിക്കണം. ദീര്‍ഘദൂര ബസുകള്‍ തെനംകുന്ന് ബൈപ്പാസ് മുല്ലക്കല്‍ ജങ്ങ്ഷന്‍ വഴി വെങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകണം. തൊടുപുഴ നഗരത്തില്‍ പാര്‍ക്കിങ്ങിനായി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ കണ്ടെത്തി നഗരസഭയെ അറിയിക്കുന്നതിന് ട്രാക്കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!