ChuttuvattomThodupuzha

തൊടുപുഴയിലെ ഗതാഗത പരിഷ്‌കരണം;കുരുക്കഴിക്കാന്‍ നോക്കിയത് അഴിയാക്കുരുക്കിലാക്കുന്നു

തൊടുപുഴ: നഗരത്തിലെ തിരക്ക് കുറയ്ക്കാനായി ഇറക്കിയ ഗതാഗത ഉപദേശക സമിതിയുടെ നിര്‍ദ്ദേശങ്ങളില്‍ പലതും അശാസ്ത്രീയവും നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമെന്ന് പരാതി.  പ്രായോഗിക വശങ്ങള്‍ പഠിക്കാതെ വാഹനങ്ങള്‍ വഴി തിരിച്ച് വിടാനുള്ള നീക്കം വാഹന യാത്രികര്‍ക്കും വലിയ ബുദ്ധിമുട്ടായി മാറി. ഇടുക്കി റോഡില്‍ നിന്നും പാലാ, കോട്ടയം, മൂവാറ്റുപുഴ, മണക്കാട് എന്നിവിടങ്ങളിലേക്ക് പോകാനുള്ള ചെറുവാഹനങ്ങള്‍ മാരിയില്‍ കലുങ്ക് വഴി തിരിച്ചുവിടാനുള്ള നിര്‍ദ്ദേശമാണ് ഏറെ അപ്രായോഗികമായിരിക്കുന്നത്. കഴിഞ്ഞ 18ന് നഗരസഭാ കാര്യാലയത്തില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തിലെടുത്ത തീരുമാനത്തിനെതിരെയാണ് വിമര്‍ശനം വ്യാപകമായത്.

മാരിയില്‍ കലുങ്കില്‍ നിന്നാരംഭിക്കുന്ന റോഡ് പാലാ റോഡിലെ വളവിലാണ് ചെന്നെത്തുന്നത്. വാഹനം പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും തിരക്കേറിയ റോഡുകളിലെ അപകടകരമായ സാഹചര്യത്തിലേക്കാണ്. പലപ്പോഴും ഈ ഭാഗങ്ങളില്‍ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പോലും അതിവേഗത്തിലാണ് എത്തുന്നത്. ഇതിന് പുറമേ മാരിയില്‍ കലുങ്കില്‍ നിന്നാരംഭിക്കുന്ന റോഡിന്റെ വീതി കുറവും വളവുകളും കാരണം എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കാനോ ഓവര്‍ടേക്ക് ചെയ്യാനോ ഇതുവഴി സാധിക്കുന്നില്ല. പലപ്പോഴും ഇത് വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലിനും തര്‍ക്കങ്ങള്‍ക്കുമാണ് വഴി വെയ്ക്കുന്നത്. ഗതാഗത ഉപദേശക സമിതി നിര്‍ദ്ദേശം വന്ന അടുത്ത ദിവസം തന്നെ ഇതുവഴി വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചു. റോഡിന്റെ വശങ്ങള്‍ തെളിക്കാത്തതുള്‍പ്പെടെയുള്ള തടസങ്ങള്‍ നീക്കാതെയാണ് വാഹനങ്ങള്‍ ഇതുവഴി തിരിച്ച് വിടാന്‍ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഗതാഗത കുരുക്കഴിക്കുന്നതിലുപരി അപകടങ്ങള്‍ക്കും ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!