ChuttuvattomThodupuzha

അപകട ഭീഷണി ഉയര്‍ത്തി മരച്ചില്ലകള്‍ റോഡില്‍

തൊടുപുഴ: അപകട ഭീഷണിയായതിനെ തുടര്‍ന്ന് റോഡരികില്‍ നിന്ന് മുറിച്ചു മാറ്റിയ
മരത്തടികള്‍ അതേ സ്ഥലത്ത് തന്നെ ഉപേക്ഷിച്ചത് വാഹനവുമായി എത്തുന്നവര്‍ക്ക് ദുരിതമാകുന്നു. തൊടുപുഴ നഗരസഭാ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഐ.എം.എ റോഡിലാണ് ഇത്തരത്തില്‍ തടിക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. മരത്തിന് സമീപത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടേക്കെത്തുന്നവരുടേത് ഉള്‍പ്പെടെയുള്ള വാഹനങ്ങളും മരത്തിന് താഴെയായി പാര്‍ക്ക് ചെയ്യുക പതിവായിരുന്നു. ഏതാനും നാള്‍ മുമ്പ് മരത്തിന്റെ ശിഖരം ഒടിഞ്ഞ് താഴേക്ക് പതിച്ചതായും വ്യാപാരികള്‍ പറഞ്ഞു. മരം മുറിച്ചു നീക്കണമെന്ന പരാതി ശക്തമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അധികൃതരെത്തി മുറിച്ചു നീക്കിയത്‌. എന്നാല്‍ മുറിച്ചു നീക്കിയ മരത്തിന്റെ ശിഖരങ്ങളും വണ്ണമുള്ള തടിയും ഇവിടെ നിന്ന് നീക്കിയില്ല. റോഡിലെ ടാറിങ്ങിലേക്ക് ഉള്‍പ്പെടെ കയറ്റിയിട്ടിരിക്കുന്ന തടി വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. കുത്തനെ കയറ്റിറക്കമുള്ള ഭാഗത്താണ് തടിക്കഷണങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഇതുവഴിയെത്തുമ്പോള്‍ അപ്രതീക്ഷിതമായി മുന്നില്‍ തടി കാണുന്നത് മൂലം ഡ്രൈവര്‍മാര്‍ വാഹനം വെട്ടിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി പരാതിയുണ്ട്. പലപ്പോഴും ഇത്തരത്തില്‍ അലക്ഷ്യമായി തടി കൂട്ടിയിട്ടാല്‍ അവ അഴുകിയാല്‍ പോലും നീക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകാറില്ലെന്ന് ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു. ദിനം പ്രതി ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. തടി കൂട്ടിയിട്ടതിന് സമീപത്ത് തന്നെയായി നഗരസഭ ഫീസ് ഈടാക്കുന്ന പാര്‍ക്കിങ് കേന്ദ്രവുമുണ്ട്. ഇവിടെയും റോഡിലേക്ക് കടന്ന് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം വീതി കുറവും അനുഭവപ്പെടുന്നുണ്ട്. ഇതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എത്രയും വേഗം ബന്ധപ്പെട്ട അധികൃതരെത്തി അപകടകരമായി ഇട്ടിരിക്കുന്ന തടി നീക്കണമെന്ന ആവശ്യം ശക്തമായി.

Related Articles

Back to top button
error: Content is protected !!