ChuttuvattomThodupuzha

നഗരസഭാ പരിധിയില്‍ രണ്ട്‌ പുതിയ പാര്‍ക്കുകള്‍ കൂടി യാഥാര്‍ഥ്യമാകുന്നു

തൊടുപുഴ: നഗരസഭാ പരിധിയില്‍ രണ്ടു പുതിയ പാര്‍ക്കുകള്‍ കൂടി നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പാര്‍ക്കുകളുടെ നിര്‍മാണം നടത്തുന്നത്. നടുക്കണ്ടം ഭാഗത്ത് നഗരസഭാ എം.വി.ഐ.പിയില്‍ നിന്നും വിലയ്ക്കു വാങ്ങിയ സ്ഥലത്തും പഴയ ബസ്സ്റ്റാന്റ് മൈതാനത്തുമാണ് പുതിയ പാര്‍ക്കുകള്‍ ആരംഭിക്കുന്നത്.  ഉടുമ്പന്‍ചോല മുന്‍ എം.എല്‍.എ. എം.ജിനദേവന്റെ സ്മരണാര്‍ഥം നടുക്കണ്ടത്ത് സ്ഥാപിക്കുന്ന പാര്‍ക്കിന് എം.ജിനദേവന്‍ പാര്‍ക്ക്, നടുക്കണ്ടം എന്ന് നാമകരണം ചെയ്യുന്നതിനും പഴയ ബസ്സ്റ്റാന്റ് മൈതാനത്ത് ഓപ്പണ്‍ സ്റ്റേജും സായാഹ്ന വിശ്രമകേന്ദ്രവും നിര്‍മിക്കുന്ന പദ്ധതിക്ക് ഓള്‍ഡ് ബസ്സ്റ്റാന്റ്  പാര്‍ക്ക് എന്ന് പേരിടുന്നതിനും വ്യാഴാഴ്ച്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു.
നടുക്കണ്ടം പാര്‍ക്കിന് 90 ലക്ഷം രൂപയും പഴയ ബസ് സ്റ്റാന്റ് പാര്‍ക്കിന് 80 ലക്ഷം രൂപയും ഉള്‍പ്പെടെ 1.70 കോടി രൂപയുടെ ഡി.പി.ആര്‍ ആണ് നഗരസഭ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. അമൃത് 2.0 – കോര്‍ കമ്മിറ്റി- ടി പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അമൃത് സിറ്റി മാനേജ്‌മെന്റ് യൂണിറ്റ് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് അംഗീകരിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാകുന്നതോടെ തൊടുപുഴയുടെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!