ChuttuvattomThodupuzha

രണ്ട് തസ്തികമാറ്റ പരീക്ഷകള്‍ ഒരേ ദിവസം; ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി പരാതി

തൊടുപുഴ: പി.എസ്.സി. രണ്ട് വ്യത്യസ്ത തസ്തികകളിലേക്ക്് നടത്തുന്ന തസ്തികമാറ്റ പരീക്ഷകള്‍ ഒരേ ദിവസം നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതായി പരാതി. എംഎഡ് യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വ്വീസിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള രണ്ടു പരീക്ഷകളാണ് ഒരേ ദിവസം നടത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍സ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് ആക്ഷന്‍ റിസര്‍ച്ച്, ബിഎഡ് ട്രെയ്‌നിംഗ് കോളേജ് അസി.പ്രൊഫ. ഇന്‍ ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്കുള്ള തസ്തികമാറ്റ പരീക്ഷകള്‍ ഒക്ടോബര്‍ ഏഴിനു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഉയര്‍ന്ന നിലവാരത്തിലുള്ളതും വ്യത്യസ്ത സിലബസിലുള്ളതുമായ ഈ രണ്ടു പരീക്ഷകളും എഴുതുന്ന ഒരേ ഉദ്യോഗാര്‍ത്ഥികളുണ്ട്. പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോഴാണ് രണ്ടും ഒരേ ദിവസമാണെന്ന് മനസിലാക്കിയത്. ഇതോടെ ഒരെണ്ണം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പിഎസ്സിയെ സമീപിച്ചു. എന്നാല്‍, രണ്ടു പരീക്ഷകളും എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറവായതിനാല്‍ ഷെഡ്യൂള്‍ മാറ്റാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ ഉപേക്ഷിക്കേണ്ട നിസഹയ അവസ്ഥയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.വ്യത്യസ്ത സിലബസുകളെ അടിസ്ഥാനപ്പെടുത്തി ഉന്നത നിലവാരമുള്ള വിവരണാത്മക രീതിയിലുള്ള പരീക്ഷ ഒരു ദിവസം തന്നെ രണ്ടെണ്ണം എഴുതേണ്ടിവരുന്നത് പ്രയാസമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!