Idukkipolitics

പ്രചരണച്ചൂടിന് തീ കൊളുത്തി യുഡിഎഫും എല്‍ഡിഎഫും

തൊടുപുഴ: എല്‍ഡിഎഫിന് പിന്നാലെ യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ഇടുക്കിയില്‍ പ്രചാരണത്തിന് വേഗത കൂട്ടി ഇരുമുന്നണികളും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലവിലെ എംപി ഡീന്‍ കുര്യാക്കോസ് വീണ്ടും രംഗത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ റോഡ് ഷോയടക്കമുള്ള പ്രചാരണങ്ങളുമായി കളം നിറഞ്ഞു. ഡീനിനെ കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജും ഇന്നലെ തൊടുപുഴയില്‍ റോഡ് ഷോ നടത്തി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്ന് ജോയ്സ് ജോര്‍ജ് ആരംഭിച്ച റോഡ് ഷോ മങ്ങാട്ടുകവലയില്‍ സമാപിച്ചു. രാവിലെ ഉടുമ്പന്നൂര്‍ നിന്ന് പര്യടനം ആരംഭിച്ചു. മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട് പഞ്ചായത്തുകളിലും പര്യടനം നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.ആര്‍. സോമന്‍, പി.പി. സുമേഷ്, ടി.കെ. ശിവന്‍നായര്‍, സി.പി.ഐ നേതാക്കളായ പി.പി. ജോയി, വി.ആര്‍. പ്രമോദ്, മുഹമ്മദ് അഫ്സല്‍, കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ റെജി കുന്നംകോട്ട്, ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ എം.ജെ. ജോണ്‍സണ്‍, സി. ജയകൃഷ്ണന്‍, അനില്‍ രാഘവന്‍, കെ.എം. സാബു എന്നിവര്‍ നേതൃത്വം നല്‍കി.

നേതൃയോഗവും റോഡ് ഷോയുമായി യുഡിഎഫ്

നാലുവരിപ്പാതയില്‍ നിന്ന് ഗാന്ധി സ്‌ക്വയറിലേയ്ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് റോഡ് ഷോ നടത്തിയത്. തൊഴിലില്ലായ്മ, വിലക്കയറ്റം, വര്‍ഗീയത, കടക്കെണി, കാര്‍ഷിക തകര്‍ച്ച എന്നിവ നിമിത്തം പൊറുതിമുട്ടിയ ജനങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിധിയെഴുതുന്നതിനുള്ള അവസരമായി ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വിനിയോഗിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് തുടര്‍ന്ന് നടന്ന യോഗത്തില്‍ പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്ത നേതൃയോഗത്തില്‍ നേതാക്കളായ സി.പി. മാത്യു, അഡ്വ. എസ്. അശോകന്‍, പ്രൊഫ. എം.ജെ. ജേക്കബ്, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാന്‍, ജോണ്‍ നെടിയപാല, ഇന്ദുസുധാകരന്‍, ജോസി ജേക്കബ്, ജോസഫ് ജോണ്‍, ടി.എം. സലിം, സുരേഷ് ബാബു, സിറിയക്ക് കല്ലിടുക്കില്‍, വി. രാജേന്ദ്രന്‍, സാം ജേക്കബ്, വര്‍ഗീസ് വെട്ടിയാങ്കല്‍, ഷൈനി റജി, എം.ഡി. അര്‍ജുനന്‍, പി.എസ്. ചന്ദ്രശേഖരപിള്ള, ലീലാമ്മ ജോസ് ടി.ജെ. പീറ്റര്‍, മനോജ് കോക്കാട്ട്, അഡ്വ. ആല്‍ബര്‍ട്ട് ജോസ് , എന്‍.ഐ. ബെന്നി , പി.ജെ. അവിര എന്നിവര്‍ പ്രസംഗിച്ചു. എ.എം. ഹാരിദ് അധ്യക്ഷത വഹിച്ചു.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 13ന്

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം 13ന് ഉണ്ടാകുമെന്നാണ് സൂചന. ഇടുക്കി മണ്ഡലത്തില്‍ ബിഡിജെഎസിനാണ് ഇത്തവണയും സീറ്റ്. ചാലക്കുടിയും മാവേലിക്കരയും സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കോട്ടയത്തിനൊപ്പം ഇടുക്കിയുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയാണ്. ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Related Articles

Back to top button
error: Content is protected !!