ChuttuvattomThodupuzha

ഉടുമ്പന്നൂര്‍-ഇടുക്കി റോഡ്: വനംവകുപ്പിന് കത്ത് നല്‍കി സര്‍ക്കാര്‍

തൊടുപുഴ: ഉടുമ്പന്നൂര്‍-കൈതപ്പാറ-മണിയാറന്‍കുടി-ഇടുക്കി റോഡ് വീതികൂട്ടി നിര്‍മിക്കുന്നതിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി കാന്തല്ലൂര്‍ വില്ലേജില്‍ 30 ഏക്കര്‍ സ്ഥലം നല്‍കുന്നതിനു തീരുമാനമായി. റോഡ് നിര്‍മാണത്തിനെതിരേ വനംവകുപ്പ് ഉന്നയിക്കുന്ന തടസവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു അടിയന്തര യോഗം വിളിക്കുന്നതിനു കോതമംഗലം ഡിഎഫ്ഒയ്ക്ക് മന്ത്രി റോഷി അഗസ്റ്റിനും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും കത്ത് നല്‍കി. നേരത്തേ റോഡിന്റെ നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും വനംവകുപ്പ് തടസം നിന്നതോടെ നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. പിഎംജിഎസ്വൈ ഫേസ്-3 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഉടുന്പന്നൂര്‍ മുതല്‍ കൈതപ്പാറ വരെയുള്ള 8.8 കിലോമീറ്റര്‍ റോഡിന് 7.80 കോടിയും കൈതപ്പാറ മുതല്‍ മണിയാറന്‍കുടിവരെയുള്ള 9.77 കിലോമീറ്റിന് 7.08 കോടിയുമാണ് തുക വകയിരുത്തിയിരുന്നത്.
പിഎംജിഎസ്വൈ പദ്ധതിയില്‍പ്പെടുത്തി റോഡ് നിര്‍മിക്കുന്നതിനു ആറുമീറ്റര്‍ മുതല്‍ എട്ടുമീറ്റര്‍ വരെ വീതി അനിവാര്യമാണ്. നിലവിലുള്ള റോഡിന് പലഭാഗത്തും ഈ വീതിലഭ്യമല്ല. തൊടുപുഴ-ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കാനാവുമെന്നതാണ് ഉടുന്പന്നൂര്‍-കൈതപ്പാറ-മണിയാറന്‍കുടി റോഡിന്റെ പ്രത്യേകത. ഉടുന്പന്നൂര്‍, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ അവികസിത മേഖലകളുടെ വികസനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കാനും ഇതിലൂടെ കഴിയും. കുടിയേറ്റ ഗ്രാമമായ കൈതപ്പാറയിലെ ജനങ്ങള്‍ യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം പതിറ്റാണ്ടുകളായി കടുത്ത ദുരിതമാണ് അനുഭവിച്ച് വന്നിരുന്നത്. ഇതുമൂലം നിരവധികുടുംബങ്ങള്‍ ഇവിടെനിന്നു സ്ഥലം വിറ്റ് മറ്റിടങ്ങളിലേക്ക് പോകാനും നിര്‍ബന്ധിതരായി. വനംവകുപ്പിന്റെ സ്വയം സന്നദ്ധപുനരധിവാസ പദ്ധതിയില്‍ കൈതപ്പാറ, മനയത്തടം പ്രദേശങ്ങളില്‍ നിന്നു 25-ഓളം കുടുംബങ്ങളാണ് ഭൂമി വനംവകുപ്പിനു വിട്ടുനല്‍കി കുടിയൊഴിഞ്ഞത്.

 

Related Articles

Back to top button
error: Content is protected !!