ChuttuvattomThodupuzha

സമ്പൂര്‍ണ്ണ വയോജന സൗഹൃദമാകാന്‍ ഒരുങ്ങി  ഉടുമ്പന്നൂര്‍ പഞ്ചായത്ത് 

തൊടുപുഴ: ഉടുമ്പന്നൂര്‍  പഞ്ചായത്ത് സമ്പൂര്‍ണ്ണ വയോജന സൗഹൃദമാകാനൊരുങ്ങുന്നു. ‘കാര്‍മേഘം ചൂടരുത് ഒരു വാര്‍ദ്ധക്യവും ആധികള്‍ പെയ്തൊഴിഞ്ഞ തെളിമാനമാകണം’  എന്ന സന്ദേശമുയര്‍ത്തിയാണ്  പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി രൂപീകരണത്തിന് മുന്നോടിയായി നടത്തിയ പഞ്ചായത്ത്തല ശില്‍പശാല  പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. ഉഷ  ഉദ്ഘാടനം ചെയ്തു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 16 വാര്‍ഡുകളിലും 59 വയസിനു മുകളില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി വയോജന ക്ലബ്ബുകള്‍ രൂപീകരിച്ചു. ഒപ്പം ഉല്ലാസക്കൂട് എന്ന പേരില്‍ 16 വാര്‍ഡുകളേയും ഉള്‍പ്പെടുത്തി പഞ്ചായത്ത് തലത്തിലുള്ള വയോജന ക്ലബ്ബിനും രൂപം നല്‍കി. ക്ലബുകളില്‍ നിന്ന് രൂപപ്പെടുന്ന ആശയങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍  വയോജനനയം രൂപീകരിക്കാനും  ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനുമാണ് തീരുമാനം. അടുത്ത രണ്ട്  വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ്ണ വയോജന സൗഹൃദ പഞ്ചായത്തെന്ന ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന്   പഞ്ചായത്ത് പ്രസിഡന്റ്  എം. ലതീഷ് പറഞ്ഞു. പഞ്ചായത്ത് അസോസിയേഷന്‍ സി ഇ ഒ കെ.ബി മദന്‍ മോഹന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  വയോജനങ്ങളും വിവിധ സര്‍ക്കാര്‍ സേവനങ്ങളും എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.ജെ ബിനോയി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ , ജനപ്രതിനിധികളായ ബീന രവീന്ദ്രന്‍ , വി.വി ഫിലിപ്പ് ,ശാന്തമ്മ ജോയി, സുലൈഷ സലിം , കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍ , ഉടുമ്പന്നൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ റ്റി.എം സുബൈര്‍,  പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!