Thodupuzha

അനധികൃത കരിങ്കല്ല് വില്‍പന; ലോറികള്‍ പിടികൂടി

തൊടുപുഴ: കെട്ടിട നിര്‍മാണത്തിന്‍റെ മറവില്‍ ക്വാറികളില്‍നിന്ന് കരിങ്കല്ല് അനധികൃതമായി സംഭരിച്ച്‌ വില്‍പന നടത്തുന്ന കേന്ദ്രത്തില്‍ പൊലീസ് പരിശോധന.ടണ്‍ കണക്കിന് കരിങ്കല്ലും മൂന്ന് ടോറസ് ലോറികളും പിടിച്ചെടുത്തു.തൊടുപുഴ ഷാപ്പുംപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നായിരുന്നു അനധികൃത കരിങ്കല്ല് സംഭരണവും വിതരണവും.

ക്വാറികളില്‍നിന്ന് എത്തിക്കുന്ന കല്ല് ഇവിടെ പൊട്ടിച്ച്‌ ചെറിക കഷണങ്ങളാക്കിയാണ് വില്‍പന നടത്തുന്നത്. ഇവിടെ നിന്ന് സമീപ ജില്ലകളിലേക്കടക്കം കരിങ്കല്ല് കടത്തുന്നതായി തൊടുപുഴ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

പൊലീസ് പരിശധനയില്‍ പെരുമ്ബാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറികളെന്ന് കണ്ടെത്തി. കെട്ടിടം നിര്‍മാണം നടക്കുന്നതിനാല്‍ അതിനായാണ് പാറ എത്തിക്കുന്നതെന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. കൂടാതെ സംഭരണ കേന്ദ്രത്തിന്റെ ചുറ്റും പച്ച നെറ്റ് ഉപയോഗിച്ച്‌ മറച്ചിരുന്നു.

പരിശോധനക്കെത്തിയ പൊലീസ് സംഘത്തെ കണ്ട് ലോറി ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. നിലവില്‍ നൂറ് ലോഡിലേറെ കരിങ്കല്ല് സ്ഥലത്ത് സംഭരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി ഡി.ആര്‍ കെട്ടുന്നതിനാണ് പാറ എത്തിച്ചതെന്നാണ് സൈറ്റ് എന്‍ജിനീയര്‍ പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പാറ എത്തിക്കുന്നതിന് പാസോ, മറ്റ് രേഖകളോ ഇവരില്‍ നിന്നോ, ലോറികളില്‍ നിന്നോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!