ChuttuvattomThodupuzha

അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഇനി ജില്ലയിലും

തൊടുപുഴ: ഡാമുകളിലും പാറമടകളിലും തെരച്ചില്‍ നടത്താന്‍ അഗ്‌നിരക്ഷാസേനയെ സഹായിക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ജില്ലയിലും. ജില്ലാ സ്‌കൂബാ ടീമിന് ലഭിച്ച സംവിധാനം മലങ്കര ഡാമിലെ മുട്ടം മാത്തപ്പാറയില്‍ തൊടുപുഴ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുന്‍കാലങ്ങളില്‍ ഡൈവര്‍മാര്‍ വെള്ളത്തിനടിയില്‍ കൈകള്‍ കൊണ്ട് സൂചനകള്‍ നല്‍കിയാണ് ആശയവിനിമയം നടത്തിയിരുന്നത്.

കരയിലുള്ളവരുമായി കയര്‍ വഴിയും സന്ദേശങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ലഭ്യമായതോടെ ഡൈവര്‍മാര്‍ തമ്മില്‍ വെള്ളത്തിനടിയില്‍ വച്ചും വെള്ളത്തിന് മുകളിലുള്ള മറ്റ് ഉദ്യോഗസ്ഥരുമായും എളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറാനാകും. ഡൈവര്‍മാരുടെ മാസ്‌കില്‍ ഘടിപ്പിക്കുന്ന സംവിധാനത്തിലൂടെ സംസാരിക്കാനാവും. ഇത് കുളങ്ങള്‍, പാറമടകള്‍ , ഡാമുകള്‍ തുടങ്ങി ഒഴുക്കില്ലാത്ത ജലശ്രോതസുകളില്‍ കൂടുതല്‍ ഉപകാരപ്രദമാണെന്ന് അധികൃതര്‍ പറഞ്ഞു. ഫോര്‍ട്ട്‌കൊച്ചി സ്‌കൂബാ ട്രെയിനിങ് അക്കാദമിയില്‍നിന്നാണ് സംവിധാനം അനുവദിച്ചത്.

ഡൈവര്‍മാര്‍ക്ക് കരയിലുള്ളവരുമായും സഹ ഡൈവറുമായും നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാനാകും. 50 മീറ്റര്‍ നീളമുള്ള കേബിളാണ് ഘടിപ്പിക്കുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ ഖാന്‍, ഫയര്‍ ഓഫീസര്‍മാരായ ഡി. മനോജ് കുമാര്‍, എന്‍.എസ് അജയകുമാര്‍, ടി.കെ വിവേക്, കെ.എസ് അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!