Thodupuzha

വീട് കേന്ദ്രീകരിച്ച് അനധികൃത പണം ഇടപാട്; ഒരാള്‍ അറസ്റ്റില്‍

 

തൊടുപുഴ: വീട് കേന്ദ്രീകരിച്ച് അനധികൃതമായി പണമിടപാട് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തി. സംഭവത്തില്‍ വീട്ടുമ അറസ്റ്റിലായി. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കൊച്ചുപറമ്പില്‍ ജോര്‍ജ് അഗസ്റ്റിനെയാണ് ഡിവൈ.എസ്.പി മധു ബാബുവിന്റെ നേതൃത്വത്വത്തില്‍ പിടികൂടിയത്. ജോര്‍ജ്ജിന്റെ സഹോദരന്‍മാരായ ടൈറ്റസ്, ബെന്നി എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. രണ്ടിടങ്ങളില്‍ നിന്നുമായി അഞ്ചര ലക്ഷത്തോളം രൂപാ, നിരവധി ആധാരങ്ങള്‍, വാഹനങ്ങളുടെ ആര്‍.സി ബുക്കുകള്‍, താക്കോലുകള്‍, പാസ്‌പോര്‍ട്ട്, ചെക്ക് ലീഫുകള്‍, മാന്‍കൊമ്പിന്റെ ഭാഗം എന്നിവ ഉള്‍പ്പെടെ നിരവധി വസ്ഥുക്കള്‍ പോലീസ് പിടിച്ചെടുത്തു. സാധാരണക്കാരായ ആളുകളില്‍നിന്ന് ആധാരത്തിന്റ പകര്‍പ്പുകളും ബാങ്ക് ചെക്കുകകളും വാഹനത്തിന്റെ താക്കോല്‍ എന്നിവ വാങ്ങി അമിത പലിശയ്ക്ക് പണം കൊടുക്കുകയായിരുന്നു ഇയ്യാളുടെ രീതി. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

45,000രൂപ, തുകയെഴുതാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ -49, ഒരു ചെക്ക്ബുക്ക്, 40 വാഹനങ്ങളുടെ ഒറിജിനല്‍ ആര്‍സി ബുക്ക്, ഒരാളുടെ പാസ്‌പോര്‍ട്ട്, ഇടപാടുകാരുടെ വസ്തുക്കളുടെ 15 ഒറിജിനല്‍ ആധാരങ്ങള്‍, ഒപ്പിട്ട 32 ബ്ലാങ്ക് മുദ്രപ്പത്രങ്ങള്‍, 60 പ്രോമിസറി നോട്ട്, ഒരു വാഹന വില്‍പന ഉടമ്പടി, ഒരു പിസ്റ്റള്‍, മാന്‍ കൊമ്പിന്റെ കഷ്ണം, ഇടപാടുകാരുടെ നാല് ഇരുചക്ര വാഹനങ്ങള്‍, ഒരു കാര്‍, എന്നിവ പിടിച്ചെടുത്തു. ജോര്‍ജ് അഗസ്റ്റിന്റെ വീടിന് പിന്നില്‍ നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. പിസ്റ്റള്‍ ബാലിസ്റ്റിക് വിദഗ്ദര്‍ക്ക് പരിശോധനയ്ക്കായി കൈമാറും. മ്ലാവിന്‍ കൊമ്പ് വനം വകുപ്പ് ഏറ്റെടുത്തു. ഇയ്യാള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും. പ്രതിയുടെ സഹോദരന്‍ ടൈറ്റസിന്റെ വീട്ടില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത അഞ്ചുലക്ഷം രൂപ പിടിച്ചെടുത്തത്. പണമിടപാടുകള്‍ ഈ വീടുമായി ബന്ധപ്പെട്ടാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു സഹോദരന്‍ ബെന്നിയുടെ വീടും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോര്‍ജ്ജ് അഗസ്റ്റിനെ അനധികൃത പണം ഇടപാട് നടത്തല്‍, അമിത പലിശ ഈടാക്കല്‍ എന്നീ വകുപ്പകള്‍ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയ്യാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അമിത പലിശക്കാരെ നേരിടാനുള്ള സംസ്ഥാന വ്യാപകമായ റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കരിമണ്ണൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുമേഷ് സുധാകരന്‍, പ്രിന്‍സ് ജോസഫ്, വി.സി. വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!