Kerala

വണ്ടിപ്പെരിയാര്‍ കേസ്: ആറുവസ്സുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തങ്ങള്‍ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ഡിജിപിയുമായി സംസാരിച്ചു തീരുമാനിക്കാമെന്നു മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കുമെന്നു കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്. വണ്ടിപ്പെരിയാര്‍ ചൂരക്കുളം എസ്റ്റേറ്റില്‍ 6 വയസ്സുള്ള പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
2021 ജൂണ്‍ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെണ്‍കുട്ടിക്കു 3 വയസ്സുള്ളപ്പോള്‍ മുതല്‍ മിഠായിയും ഭക്ഷണസാധനങ്ങളും നല്‍കി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.
വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയെന്നായിരുന്നു കോടതി പറഞ്ഞത്. കേസില്‍ പ്രതി അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകര്‍പ്പിലാണു പരാമര്‍ശമുള്ളത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു. വിരലടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരാജയപ്പെട്ടെന്നും കോടതി വിധിപകര്‍പ്പില്‍ പറഞ്ഞിരുന്നു.

 

Related Articles

Back to top button
error: Content is protected !!