Thodupuzha

വെള്ളിയാമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം ഇരു മുന്നണികള്‍ക്കും കീറാമുട്ടി

തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമം ഇരുമുന്നണികള്‍ക്കും തലവേദനയാകുന്നു.സ്വതന്ത്രരായി ജയിച്ച രണ്ടംഗങ്ങള്‍ ഏതു മുന്നണിക്കൊപ്പം എന്ന്‌ നിലപാട്‌ വ്യക്‌തമാക്കാത്തതാണ്‌ പുതിയ പ്രതിസന്ധിക്ക്‌ കാരണം. നിലവിലെ പ്രസിഡന്റും സ്വതന്ത്രാംഗവുമായ ഇന്ദു ബിജു രാജി വച്ചതോടെയാണ്‌ പ്രതിസന്ധി ഉയര്‍ന്നിരിക്കുന്നത്‌.

ആകെ 15 അംഗങ്ങളുള്ള പഞ്ചായത്ത്‌ ഭരണ സമിതിയില്‍ യു.ഡി.എഫിനായി കോണ്‍ഗ്രസ്‌ 5, കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം 2 എന്നിങ്ങനെ ഏഴ്‌ പേരും എല്‍.ഡി.എഫില്‍ സി.പി.എം 3, കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗം 1, എല്‍.ഡി.എഫ്‌ സ്വതന്ത്രര്‍ 2, സ്വതന്ത്രര്‍ 1 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില. ഇരു മുന്നണികള്‍ക്കുമെതിരെ ഒ.ഐ.ഒ.പി പിന്തുണയോടെ മത്സരിച്ചാണ്‌ ഇന്ദു ബിജു വിജയിച്ചത്‌.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ദു ബിജുവുമായി എല്‍.ഡി.എഫ്‌ ധാരണയിലെത്തുകയായിരുന്നു. ആദ്യ 2 വര്‍ഷം ഇന്ദു ബിജുവിനും തുടര്‍ന്നുള്ള രണ്ട്‌ വര്‍ഷം സ്വതന്ത്രാംഗം രാജു കുട്ടപ്പനും അവസാന ഒരു വര്‍ഷം സി.പി.എമ്മിലെ കബീര്‍ കാസിമിനുമെന്നായിരുന്നു ധാരണ. പിന്തുണക്കായി ഇന്ദു ബിജുവുമായി ഉണ്ടാക്കിയ ധാരണകളില്‍ പ്രധാനം 2-ാം വാര്‍ഡിലെ പാര്‍ട്ടിക്കല്‍ ബോര്‍ഡ്‌ കമ്ബനിക്ക്‌ അനുമതി നല്‍കരുത്‌ എന്നതായിരുന്നു. കമ്ബനി പ്രവര്‍ത്തനം തുടങ്ങിയാല്‍ വന്‍ പാരിസ്‌ഥിതിക പ്രശ്‌നം ഉണ്ടാകുമെന്ന്‌ ചൂണ്ടിക്കാട്ടി പ്രദേശത്ത്‌ വന്‍ പ്രക്ഷോഭം ഉള്‍പ്പെടെ നടന്നിരുന്നു. ഈ വിഷയം സജീവമായി നിലനിന്നിരുന്ന സമയത്ത്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ ഇരു മുന്നണികളേയും പരാജയപ്പെടുത്തി ഒ.ഐ.ഒ.പി സ്‌ഥാനാര്‍ഥി വിജയിച്ചതും തുടര്‍ന്ന്‌ പ്രസിഡന്റ്‌ പദവിയിലെത്തിയതും.

എന്നാല്‍ കമ്പനിക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഏതാനും മാസം മുമ്ബ്‌ ചേര്‍ന്ന പഞ്ചായത്ത്‌ ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ്‌ ഒഴികെയുള്ള മറ്റംഗങ്ങളെല്ലാവരും കമ്ബനിക്ക്‌ അനുകൂലമായ നിലപാടടെുത്തിരുന്നു. ഇതിനെതിരെ കമ്ബനി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തിയ വാര്‍ഡുകളിലെ ജനങ്ങളും ഒ.ഐ.ഒ.പിയും രംഗത്തെത്തി. മുന്നണിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടാക്കിയെങ്കിലും ഭരണം തുടര്‍ന്നു. ഡിസംബര്‍ 31ന്‌ രാജി വെക്കേണ്ടെന്ന്‌ ഒ.ഐ.ഒ.പിയുടെ പഞ്ചായത്ത്‌ നേതൃയോഗം തീരുമാനമെടുത്തു. കമ്ബനിയുമായി ബന്ധപ്പെട്ട്‌ ജനങ്ങളുടെ എതിര്‍പ്പ്‌ ഭയന്ന മുന്നണികള്‍ അവിശ്വാസത്തിനും തയ്യാറായില്ല.

ഇതിനിടെ എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച്‌ റിട്ടേണിംഗ്‌ ഓഫീസര്‍ക്ക്‌ കത്ത്‌ കൈമാറുമെന്ന്‌ പറഞ്ഞ്‌ രാജു കുട്ടപ്പന്‍ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്‌ ഇന്നലെ അപ്രതീക്ഷിതമായി ഇന്ദു ബിജു രാജി വച്ചത്‌. നേരത്തെയുണ്ടാക്കിയ ധാരണകള്‍ ലംഘിച്ചതിനാല്‍ തുടര്‍ന്ന്‌ താനും സ്വതന്ത്ര നിലപാടാണ്‌ സ്വീകരിക്കുകയെന്ന്‌ ഇന്ദു ബിജു അറിയിച്ചതോടെ എല്‍.ഡി.എഫ്‌ നേതൃത്വം വെട്ടിലായി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദു ബിജു രാജി സമര്‍പ്പിച്ചു

 

 

Related Articles

Back to top button
error: Content is protected !!