ChuttuvattomThodupuzha

കണ്‍മുന്നില്‍ പുലിയെ കണ്ട് ഭയന്നോടി റബര്‍ ടാപ്പിംഗ് തൊഴിലാളി വിജു

പതിവുപോലെ റബര്‍ ടാപ്പിംഗിനായി മണ്ണാത്തിപ്പാറ ഭാഗത്ത് കാരിയോലിക്കപ്പറമ്പ് പ്രദേശത്ത് എത്തിയ ഒറ്റല്ലൂര്‍ കിഴക്കുംകരയില്‍ കെ.പി. വിജു പുലിയെ കണ്ട് ഭയന്നോടി. നായയേക്കാള്‍ വലുപ്പമുണ്ട്. അതിലേറെ നീളവും. വാലിനും നീളമുണ്ട്. മഞ്ഞ നിറമാണ്. നിറയേ പുള്ളികളും. കണ്‍മുന്നില്‍ കണ്ട കാഴ്ച വിജു പറഞ്ഞു. രാവിലെ ഏഴു കഴിഞ്ഞതേയുള്ളു. പതിവുപോലെ റബര്‍ ടാപ്പിംഗിനായി മണ്ണാത്തിപ്പാറ കാരിയോലിക്കപറനമ്പ് പ്രദേശത്ത് എത്തിയതായിരുന്നു വിജു. തോട്ടത്തിലേക്ക് നടക്കുന്നതിനിടെ താഴെ പൈനാപ്പിള്‍ ചെടികള്‍ക്കിടയിലാണ് പുലിയെ കണ്ടത്. കണ്ടയുടന്‍ മരത്തിന് പിന്നിലൊളിച്ചു.

പിന്നെ പുലിയുടെ കണ്ണില്‍പ്പെടാതെ ഓടി രക്ഷപ്പെട്ടു. റബര്‍ തോട്ടത്തിന് സമീപം വീടുകളുമില്ല. കാടുപിടിച്ച പ്രദേശത്താണ് പുലിയെ കണ്ടത്. കരിങ്കുന്നം പഞ്ചായത്തില്‍ ആദ്യം പുലിയുടെ സാന്നിധ്യം കണ്ട ഇല്ലിചാരി മലയുടെ നേരേ എതിര്‍ഭാഗമാണിത്. നിലവില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് സമീപ പ്രദേശമാണ്. ഓടി രക്ഷപ്പെട്ട ശേഷം തോട്ടം ഉടമയോടെ കാര്യം പറഞ്ഞു. അദ്ദേഹമാണ് പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചത്. ഇനി റബര്‍ വെട്ടാന്‍ അവിടേയ്ക്കില്ലെന്ന് വിജു പറയുന്നു. കരിങ്കുന്നം പുത്തന്‍പള്ളിക്കു സമീപത്തെ കോഴിഫാമില്‍ ശനിയാഴ്ച രാത്രി പുലിയെത്തി കോഴിയെ പിടികൂടിയതായി നാട്ടുകാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി പരിശോധന നടത്തി.

രണ്ടുമാസത്തോളമായി കരിങ്കുന്നം ഇല്ലിചാരി മലയില്‍ പലരും പുള്ളിപ്പുലിയെ കണ്ടു. പിന്നീട് പാറക്കടവ് മഞ്ഞുമാവിലും പുലിയുടെ സാന്നിധ്യമുണ്ടായി. ഇല്ലിചാരി മലയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട് പിന്നീട് മഞ്ഞുമാവിന് സമീപം പൊട്ടന്‍പ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ മൂന്നിന് മഞ്ഞുമാവിലും പഴയമറ്റത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളില്‍ ഇതുവരെ പുലിയുടെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ലെന്നും രാത്രി പട്രോളിംഗ് കൃത്യമായി നടത്തുന്നുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.പല ഭാഗത്തും നാട്ടുകാര്‍ കണ്ടു ഇതിനിടെ പല ഭാഗത്തും ഒന്നില്‍ കൂടുതല്‍ പുലികളെ കണ്ടതായും പറയപ്പെടുന്നു. പല മേഖലകളില്‍ നിന്നും ഇത്തരത്തില്‍ പുലിയെ കണ്ടതായി വിവരം പുറത്തു വരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതിസന്ധിയിലാണ്.

പുലിയെ കണ്ടതായി പറയപ്പെടുന്ന മേഖലകളില്‍ പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിക്കണം. എന്നാല്‍ നിലവില്‍ ഇല്ലിചാരി, പൊട്ടന്‍പ്ലാവ്, മലങ്കര എസ്റ്റേറ്റ് ഉള്‍പ്പെടെ ഏതാനും പ്രദേശത്തു മാത്രമാണ് പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇത് ഇല്ലിചാരിയിലെ കാമറയില്‍ പതിഞ്ഞ പുലി തന്നെയാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഒന്നില്‍ക്കൂടുതല്‍ പുലികളെ കണ്ടതായുള്ള പ്രചാരണം തെറ്റാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുട്ടത്ത് ഇന്ന് യോഗം മുട്ടം പഞ്ചായത്തില്‍ വ്യാപകമായി പുലിയെ കണ്ടെന്ന പ്രചാരണം ശക്തിപ്പെടുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നു 11ന് ടൗണ്‍ പള്ളി പാരീഷ് ഹാളില്‍ അടിയന്തര യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ പറഞ്ഞു. പി.ജെ. ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണാക്കണം കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയില്‍ വനംവകുപ്പ് കൂടു സ്ഥാപിച്ചിരിക്കുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!