ChuttuvattomCrimeThodupuzha

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം: പ്രതി അറസ്റ്റില്‍

തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ അനധികൃത വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവുമെടുക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമവും അസഭ്യവര്‍ഷവും നടത്തിയ അനധികൃത വഴിയോര കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കീരികോട് കിഴക്കേമഠത്തില്‍ അന്‍സിലാണ് (തിലകന്‍- 35) തൊടുപുഴ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച 10ന് കാഞ്ഞിരമറ്റം- മങ്ങാട്ടുകവല റോഡില്‍ പെട്രോള്‍ ബാങ്കിന് സമീപം നഗരസഭാ ചെയര്‍മാന്റേയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ ബാബു സൂര്യയും മറ്റ് ലോക്കല്‍ ചാനല്‍ ക്യാമറാമാന്മാരും എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. അനധികൃത കച്ചവടക്കാരനായ അന്‍സില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും അസഭ്യം വിളിക്കുകയും വീട്ടില്‍ കയറി കൊല്ലുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തു. ഇത് ചിത്രീകരിക്കുന്നതിനിടെ വീണ്ടും ആക്രമിച്ച് ക്യാമറ ബലമായി പിടിച്ച് വാങ്ങി നശിപ്പിക്കാനും ശ്രമിച്ചു. നഗരസഭാ ചെയര്‍മാനടക്കം നോക്കി നില്‍ക്കെയായിരുന്നു ഇയാളുടെ അതിക്രമം. റോഡ് കൈയേറിയുള്ള അനധികൃകത കച്ചവടം നഗരസഭ ഒഴിപ്പിച്ചത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതായിരുന്നു ഇയാളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!