Idukki

വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേക്ക് : കവചിത വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

ഇടുക്കി : ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു. ഓരോ മണ്ഡലങ്ങളിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങള്‍ കൊണ്ടു പോയത്. യന്ത്രങ്ങളുമായി പോകുന്ന വാഹനങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലയിലെ 1003 പോളിംഗ് സ്റ്റേഷനുകളിലേക്കായി 1202 ബാലറ്റ് യൂണിറ്റ്, 1202 കണ്‍ട്രോള്‍ യൂണിറ്റ്, 1300 വി വി പാറ്റ്, എന്നിവയ്ക്ക് ആവശ്യമായ പേപ്പര്‍ റോള്‍, വി വി പാറ്റ് ബാറ്ററി, കണ്‍ട്രോള്‍ യൂണിറ്റ് ബാറ്ററി, എന്നിവയാണ് കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ നിന്ന് വിതരണം ചെയ്യുന്നത്.

ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും അയക്കുന്നത്. അഞ്ചു മണ്ഡലങ്ങളില്‍ നിന്നുമുള്ള അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരാണ് ഇ വി എം മെഷീനുകള്‍ ഏറ്റുവാങ്ങിയത്. ദേവികുളം മണ്ഡലം – മൂന്നാര്‍ ഗവ. വി എച്ച് എച്ച് എച്ച് എസ് , ഉടുമ്പന്‍ചോല മണ്ഡലം – നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ്, തൊടുപുഴ മണ്ഡലം – ന്യൂമാന്‍ കോളേജ് തൊടുപുഴ, ഇടുക്കി മണ്ഡലം – ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പൈനാവ്, പീരുമേട് മണ്ഡലം – മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പീരുമേട് എന്നിവിടങ്ങളിലാണ് സ്‌ട്രോങ് റൂമുകള്‍ തയ്യാറാക്കിയിട്ടുള്ളത് .

ജിപിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഓരോ നിയോജകമണ്ഡലത്തിലേയും സ്‌ട്രോങ് റൂമിലെത്തിക്കുന്നത്. ഇവിടെ യന്ത്രങ്ങള്‍ സൂക്ഷിക്കുകയും ഏപ്രില്‍ 18 ന് യന്ത്രങ്ങള്‍ കമ്മിഷന്‍ ചെയ്തതിന് ശേഷം 25ന് പോളിംഗ് ബൂത്തുകളിലെത്തിക്കും. വിതരണത്തിന് സബ് കളക്ടര്‍മാരായ ഡോ.അരുണ്‍ എസ് നായര്‍, ജയകൃഷ്ണന്‍ വി. എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍മാരായ ഡോ. അരുണ്‍ ജെ. ഒ, മനോജ് കെ, സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു ലോറന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!