ChuttuvattomThodupuzha

കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു; കര്‍ഷകര്‍ ദുരിതത്തില്‍

 

തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ മലയിഞ്ചിയിലെ ജനവാസ മേഖലയിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കാക്കരയാനിക്കല്‍ ചന്ദ്രന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, പച്ചക്കറി കൃഷി എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത് . കാട്ടാനക്കൂട്ടത്തില്‍ ഒരു കുട്ടിയാന ഉള്‍പ്പെടെ ആറെണ്ണം ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇവ കൃഷിയിടത്തില്‍ എത്തിയത്. കൃഷി നശിപ്പിച്ച ശേഷം ഇന്നലെ രാവിലെയാണ് കാട്ടാനക്കൂട്ടം തൊട്ടടുത്ത കീഴാര്‍ കുത്ത് വനത്തിലേയ്ക്ക് പിന്‍വാങ്ങിയത്. വീണ്ടും ആനക്കൂട്ടം തിരികെയെത്തുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. എഴുപത് വര്‍ഷത്തോളമായി കൃഷി ചെയ്ത് താമസിക്കുന്നവരാണ് ഇവിടെയുള്ളവര്‍. വന്യ ജീവികളുടെ ശല്യം വര്‍ധിച്ചതോടെ ഇവിടെ താമസിക്കാന്‍ പോലും ഭയമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്ലാന്റേഷന്‍ മേഖലയായ ഇവിടെ ആന പതിവായി തമ്പടിക്കുന്നുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ആന മാത്രമല്ല കാട്ടുപന്നി ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഏത് വിളകള്‍ കൃഷി ചെയ്താലും ഒന്നും കിട്ടാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. കൊക്കോ, വാഴ എന്നിവയുള്‍പ്പെടെയുള്ള കൃഷികള്‍ മരപ്പട്ടികള്‍ തിന്നു നശിപ്പിക്കുകയാണ്. ആന കൂടി കൃഷിയിടത്തില്‍ വന്നു തുടങ്ങിയതോടെ ഇപ്പോള്‍ ജീവനും ഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും അതീവ ഭീതിയോടെയാണ് കഴിയുന്നതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്തും വനം വകുപ്പും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും കൃഷി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും നാട്ടുകാര്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!