Thodupuzha

ഹസന്‍ മൗലവിയുടെ കിണറ്റില്‍ മോട്ടോര്‍ ഒന്നല്ല, 42

തൊടുപുഴ: ഇരുനൂറ്റന്പതോളം കുടുംബങ്ങള്‍ക്കു ദാഹജലം നല്‍കുന്നത് ഒരു കിണറില്‍നിന്ന്. ആലക്കോട് പഞ്ചായത്തില്‍ രണ്ടാം വാര്‍ഡിലെ ചിലവിലുള്ള ഈ കിണറ്റില്‍ സ്ഥാപിച്ചിരിക്കുന്നത് 42 മോട്ടോറുകളാണ്.എത്ര മോട്ടോര്‍ സ്ഥാപിച്ചാലും അക്ഷയഖനി പോലെയാണ് ഈ കിണര്‍.
സമീപവാസികള്‍ക്ക് ഇവിടെനിന്ന് എത്ര വേണമെങ്കിലും വെള്ളമെടുക്കാം. കിണര്‍ നിര്‍മിച്ച ദാറുസലാം വീട്ടില്‍ ഹസന്‍ മൗലവി ഇവിടെയുണ്ടായിരുന്ന അറുപതു സെന്‍റില്‍ 58.5 സെന്‍റ് സ്ഥലവും വിറ്റെങ്കിലും കിണര്‍ നിലനില്‍ക്കുന്ന ഒന്നര സെന്‍റു മാത്രം വിറ്റില്ല. സ്ഥലം മറ്റൊരാളുടെ കൈവശമെത്തിയാല്‍ ഇവിടത്തുകാരുടെ കുടിവെള്ളം മുടങ്ങിയാലോ എന്ന ആശങ്ക മൂലമാണ് ഇദ്ദേഹം ഈ സ്ഥലം മാത്രം വില്‍ക്കാത്തത്.

മതപ്രഭാഷകനും അറബിക് കോളജ് അധ്യാപകനുമായ ഹസന്‍ മൗലവി 1990-ലാണ് ചിലവില്‍ വീടു നിര്‍മിച്ചത്. മറ്റു കുടിവെള്ള സൗകര്യമില്ലാതിരുന്നതിനാല്‍ വീടിനോടുചേര്‍ന്ന് കിണര്‍ വേണമെന്ന ആഗ്രഹത്തില്‍ സ്ഥാനം നോക്കിയതും ഇദ്ദേഹംതന്നെ. വെള്ളത്തിന്‍റെ സാന്നിധ്യം ഏറ്റവും കൂടുതല്‍ കണ്ട സ്ഥലത്ത് കിണര്‍ കുഴിക്കുകയായിരുന്നു. ഏതാനും അടി കുഴിച്ചപ്പോള്‍തന്നെ കണ്ണീരുപോലെ ഉറവ തെളിഞ്ഞു. പത്തടിയോളം താഴ്ത്തിയപ്പോള്‍ സുലഭമായി വെള്ളം ലഭിച്ചു.

സമീപത്തുള്ള ഏതാനും വീട്ടുകാര്‍ കിണറ്റില്‍നിന്നു വെള്ളം കോരിയെടുത്തിരുന്നു. പിന്നീടാണ് സുഹൃത്തും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനുമായ അസീസ് കിണറ്റില്‍ ഒരു മോട്ടോര്‍ സ്ഥാപിക്കുന്നതിന് അനുമതി ചോദിച്ചത്. ഇതിനു പൂര്‍ണസമ്മതം നല്‍കിയതിനു പുറമെ വൈദ്യുതിയും വീട്ടില്‍നിന്നു ഹസന്‍ മൗലവി നല്‍കി.

പിന്നീട് സമീപത്തുള്ള മറ്റു ചിലര്‍കൂടി മോട്ടോര്‍ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഹസന്‍ മൗലവി ആരെയും നിരാശപ്പെടുത്തിയില്ല. രണ്ടും മൂന്നും കുടുംബങ്ങള്‍ ചേര്‍ന്ന് മോട്ടോര്‍ സ്ഥാപിച്ചു. മോട്ടോറുകളുടെ എണ്ണം കൂടിയതോടെ വൈദ്യുതി അവരുടെ വീടുകളില്‍നിന്ന് എടുക്കാന്‍ തുടങ്ങി. നിലവില്‍ 42 മോട്ടോറുകളാണ് ഈ കിണറ്റില്‍നിന്നു രാപകല്‍ വെള്ളം പന്പ് ചെയ്യുന്നത്. ഇത്രയും മോട്ടോറുകള്‍ പ്രവര്‍ത്തിച്ചിട്ടും ഏതു വേനലിലും കിണര്‍ ജലസമൃദ്ധമാണ്.
വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണം പലപ്പോഴും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സാഹചര്യത്തില്‍ ഈ കിണര്‍ നാടിന് അനുഗ്രഹമാണെന്നു നാട്ടുകാര്‍ പറയുന്നു. ജലവിതരണത്തിനായി സമീപത്ത് പഞ്ചായത്ത് നിര്‍മിച്ചിരിക്കുന്ന കുളവും മോട്ടോര്‍ പുരയും ഉപയോഗശൂന്യമായ നിലയിലാണ്. ചിലവില്‍നിന്ന് ആലുവ പൂക്കാട്ടുപടിയിലേക്ക് ഹസന്‍ മൗലവി താമസം മാറിയെങ്കിലും നാട്ടുകാര്‍ക്കു വേണ്ടി കിണര്‍ നിലനില്‍ക്കുന്ന ഒന്നര സെന്‍റ് സ്ഥലം സ്വന്തം പേരില്‍ നിലനിര്‍ത്തുകയായിരുന്നു. കുമ്മംകല്ലിലുള്ള മകന്‍റെ വീട്ടിലെത്തുന്പോള്‍ ഭാര്യ ഫാത്തിമയുമൊത്ത് ചിലവിലെ കിണര്‍ കാണാനെത്തുന്നതു ഇദ്ദേഹത്തിന്‍റെ പതിവാണ്. കുടിവെള്ളത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന ജലദിനത്തില്‍ ഹസന്‍ മൗലവിയുടെ കിണര്‍ കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും മാതൃകയായി മാറുകയാണ്.

Related Articles

Back to top button
error: Content is protected !!