CrimeThodupuzha

105ഗ്രാം എംഡിഎംഎയും,ബ്രൗണ്‍ ഷുഗറും, കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

തൊടുപുഴ: വില്‍പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുതലക്കോടം പഴുക്കാകുളം സ്വദേശി ചെമ്പരത്തി ചെല്ലപ്പന്‍ എന്ന് വിളിക്കുന്ന ആല്‍ബിന്‍ ജോസഫ്(23) നെയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ സഹിതം പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 105 ഗ്രാം എംഡിഎംഎ, 700ഗ്രാം കഞ്ചാവ്, 45 മില്ലി ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും 29,500 രൂപയും വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ക്ക് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇടുക്കി ഡാന്‍സാഫ് ടീമും തൊടുപുഴ ഡിവൈഎസ്പിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് വീട് റെയ്ഡ് ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണ് ആല്‍ബിന്‍ എന്ന് പോലീസിനു സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ പോലീസ് എത്തി ഇയാളുടെ മുറിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. കൂടാതെ ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങള്‍, കുപ്പികള്‍, ഇത് തൂക്കാനുള്ള ചെറിയ ത്രാസ്, പായ്ക്ക് ചെയ്യാനുള്ള ചെറിയ കൂടുകള്‍ തുടങ്ങിയവയും പിടികൂടി. ഇയാളുടെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂട്ടാളികളെ കണ്ടെത്താനുള്ള നീക്കം പോലീസ് ആരംഭിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button
error: Content is protected !!