IdukkiLocal Live

ആത്മഹത്യയെ ചെറുക്കാന്‍ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുമായി യുവജന കമ്മീഷന്‍

ഇടുക്കി: യുവജനങ്ങള്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ യുവജനങ്ങളുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ മുഖ്യമന്ത്രി പിണറായി വിജയന് പഠനറിപ്പോര്‍ട്ട് കൈമാറി. യുവജനകാര്യ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് , കമ്മീഷന്‍ അംഗം വി. എ. വിനീഷ്, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, റിസര്‍ച്ച് ടീം ചെയര്‍മാന്‍ ഡോ.എം.എസ്. ജയകുമാര്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ പങ്കെടുത്തു.

യുവതയുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തി ആത്മഹത്യയെ ചെറുക്കാന്‍ നവംബര്‍ 20നാണ് സമഗ്ര പഠനം തുടങ്ങിയത്. 18 മുതല്‍ 45 വരെ വയസ്സുള്ളവരില്‍ അഞ്ചുവര്‍ഷത്തിനിടെ നടന്ന ആത്മഹത്യകള്‍ പഠനവിധേയമാക്കി. എല്ലാ ജില്ലകളിലുമായി 800ല്‍ അധികം ആത്മഹത്യകള്‍ സംബന്ധിച്ച് വിദഗ്ധസംഘം ശാസ്ത്രീയ പഠനം നടത്തി. തെരഞ്ഞെടുക്കപ്പെട്ട 195 എംഎസ്ഡബ്ല്യൂ, സൈക്കോളജി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം. ലോകത്താകെ യുവജനക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സമാന അനുഭവങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗം നിര്‍ദേശിക്കുകയാണ് ലക്ഷ്യമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ മുന്‍കൈയെടുത്ത് ആദ്യമായാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിപുലമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്മീഷന്‍. മുഴുവന്‍ ജില്ലകളിലും സര്‍വകലാശാലകളിലും ആത്മഹത്യ പ്രതിരോധത്തിനായി സെമിനാറുകളും 2024 ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ദേശീയ സെമിനാറും സംഘടിപ്പിക്കും.

 

Related Articles

Back to top button
error: Content is protected !!