ChuttuvattomThodupuzha

തുലച്ചത് 16 കോടി : ചോര്‍ന്നൊലിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ; ഗ്ലാസ് പൊട്ടിയിടത്ത് റിബണ്‍

തൊടുപുഴ : കോടികള്‍ മുടക്കി നിര്‍മ്മിച്ച തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് ദുരിതപര്‍വം. യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം പോലും തിരക്കേറിയ ഡിപ്പോയില്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. കെട്ടിടത്തിലുള്ള ടോയ്ലറ്റുകളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ്. എട്ടോളം ടോയ്ലറ്റുകളാണ് അടഞ്ഞു കിടക്കുന്നത്. തുറന്നിരിക്കുന്ന ഏതാനും ടോയ്ലറ്റുകളില്‍ വെള്ളം പോലും ഇല്ലാത്ത അവസ്ഥയാണ്. വൃത്തിഹീനമായ ടോയ്ലറ്റുകളാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആശ്രയം. ഇതാകട്ടെ വൃത്തിയാക്കിയിട്ട് തന്നെ കാലങ്ങളായതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മഴ പെയ്താല്‍ വെള്ളം കെട്ടിനില്‍ക്കുന്ന ബസ് ബേയിലൂടെ വേണം യാത്രക്കാര്‍ വാഹനത്തില്‍ കയറാനും ഇറങ്ങാനും. മഴവെള്ളം പുറത്തേയ്ക്ക് ഒഴുകി പോകാനുള്ള ജലനിര്‍ഗമന മാര്‍ഗങ്ങളുടെ പരിമിതിയാണ് ഡിപ്പോയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. കെട്ടിടത്തിന്റെ പല ഭാഗവും ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടങ്ങളില്‍ ചോര്‍ന്നൊലിക്കുന്ന വെള്ളം വീഴുന്നതും പതിവാണ്.

ഏതാനും മാസം മുമ്പ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുനിന്നു ഗ്ലാസ് പൊട്ടി വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇവിടെ പ്ലാസ്റ്റിക് വീപ്പ സ്ഥാപിച്ച് ഇതില്‍ റിബണ്‍ കെട്ടി തിരിച്ചിരിക്കുകയാണ്. പൊട്ടിയ ഗ്ലാസ് മാറ്റി സ്ഥാപിച്ചാല്‍ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെയാണ് താഴെ റിബണ്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നത്. രണ്ടാം നിലയില്‍ അപകട ഭീഷണിയുയര്‍ത്തി സമാന അവസ്ഥയില്‍ വേറെയും ഗ്ലാസുകള്‍ നില നില്‍ക്കുന്നുണ്ട്. ഇതിനു പുറമേ പല ഭാഗത്തും കെട്ടിടം ശോചനീയമായ അവസ്ഥയിലാണ്. ഗാരേജിലും പാര്‍ക്കിംഗ് ഏരിയായിലും തൊടുപുഴയാറില്‍നിന്നുള്ള വെള്ളം കയറുന്നതിനാല്‍ ഇവിടം ചെളിക്കുണ്ടായ നിലയിലാണ്.

ഇതിലാണ് ബസുകള്‍ പാര്‍ക്കു ചെയ്യുന്നത്. പാര്‍ക്കിംഗ് ഏരിയായില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സമയത്തെച്ചൊല്ലിയും പരാതിയുയര്‍ന്നിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് ഇവിടെ ഫീസീടാക്കി വാഹന പാര്‍ക്കിംഗിന് അനുവാദമുള്ളത്. എന്നാല്‍ പലരും രാവിലെയുള്ള ദീര്‍ഘദൂര ബസുകളില്‍ പോകാനായി വാഹനവുമായി എത്തുന്നവരാണ്. ഇവര്‍ക്ക് കൂടുതല്‍ ഫീസ് നല്‍കി സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ടി വരുന്നു. അതിനാല്‍ പാര്‍ക്കിംഗ് സമയത്തില്‍ മാറ്റം വരുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൊടുപുഴ ഡിപ്പോ ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പതിനാറ് കോടിയോളം മുതല്‍ മുടക്കിലാണ് ഡിപ്പോയ്ക്കായി കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ബഹുനില മന്ദിരം തകര്‍ച്ചയുടെ വക്കിലാണ്.

Related Articles

Back to top button
error: Content is protected !!