IdukkiLocal LiveThodupuzha

ഇടുക്കിയില്‍ പോളിംഗ് 66.53 ശതമാനം ; വോട്ടര്‍മാര്‍ ഒഴുകിയെത്തി

തൊടുപുഴ : നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ പാരമ്പര്യവും മഹത്തായ മതേതര-ജനാധിപത്യ മൂല്യങ്ങളും നെഞ്ചേറ്റി ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി.ഇതോടെ 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ ഭാവി ആരുടെ കൈകളില്‍ ഏല്‍പ്പിക്കണമെന്ന ചോദ്യത്തിന് ഇടുക്കിയിലെ ജനങ്ങളും ബാലറ്റിലൂടെ കൃത്യമായ ഉത്തരം നല്‍കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ പോളിംഗ് ദിനമായ ഇന്നലെ വരെ വീറുംവാശിയും നിറഞ്ഞുനിന്ന പ്രചാരണങ്ങളും ആരോപണ-പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികളും മുന്നണിപ്രവര്‍ത്തകരും കളത്തില്‍ സജീവമായിരുന്നു.

ഇനി ജയപരാജയങ്ങളുടെ വിലയിരുത്തലുകളുടെയും കൂട്ടികിഴിക്കലുകളുടെയും ദിനങ്ങളാണ്. സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചപ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടത്തിനും ഏറെ ആശ്വാസം. ഏഴു നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ 12,51,189 വോട്ടര്‍മാരാണുള്ളത്. ഇന്നലെ പോളിംഗ് ആരംഭിച്ച രാവിലെ ഏഴുമുതല്‍ ബൂത്തുകളിലെങ്ങും നീണ്ടക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു. ഉച്ചയോടെ തിരക്കില്‍ അല്‍പം കുറവുണ്ടായെങ്കിലും വെയില്‍മങ്ങി ചൂട് കുറഞ്ഞതോടെ വോട്ടുചെയ്യാനെത്തിയവരുടെ നീണ്ട നിര പലയിടത്തും പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

വൈകുന്നേരം ആറിന് വോട്ടിംഗ് അവസാനിക്കുമ്പോഴും ചില ബൂത്തുകളിലെ ക്യൂ അവസാനിച്ചിരുന്നില്ല. രാവിലെ ആറിനു മോക്ക്‌പോളിംഗോടെയാണ് വോട്ടെടുപ്പിന് തുടക്കമായത്. നേരിയ പ്രശ്‌നങ്ങളൊഴിച്ചാല്‍ ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. ക്രമസമാധാന പാലനത്തിനു 7,717 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ഇവര്‍ക്കു പുറമെ 25 സിആര്‍പിഎഫ് ജവാന്‍മാരെയും താത്ക്കാലിക ചുമതലയില്‍ എന്‍സിസി, എസ്പിസി കേഡറ്റുകള്‍ ഉള്‍പ്പെടെയുള്ള താത്ക്കാലിക ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു. ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമം നടന്നത് വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിലും പോളിംഗ് സമാധാനപരമായിരുന്നു.

യന്ത്രം പണിമുടക്കി: വോട്ടിംഗ് വൈകി

തൊടുപുഴ : വോട്ടിംഗ് യന്ത്രത്തിന്റെ തകരാര്‍ മൂലം വോട്ടെടുപ്പ് ആരംഭിച്ചത് ഒരു മണിക്കൂര്‍ വൈകി. തൊടുപുഴ മടക്കത്താനം കാപ്പ് എന്‍എസ്എസ് എല്‍പി സ്‌കൂളിലെ 108-ാം നമ്പര്‍ ബൂത്തിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറായതിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകിയത്. രാവിലെ ഏഴിന് ആരംഭിക്കേണ്ട വോട്ടിംഗ് 8.10ഓടെയാണ് ആരംഭിച്ചത്. ഇതോടെ പോളിംഗ് ബൂത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. പ്രായമായവരും സ്ത്രീകളുമടക്കം നിരവധിപ്പേരാണ് പോളിംഗ് വൈകിയതോടെ വലിയ ബുദ്ധിമുട്ടിലായത്. വോട്ട് രേഖപ്പെടുത്തിയശേഷം ജോലിക്കു പോകാനിരുന്നവരും യന്ത്രം തകരാറിലായതോടെ ദുരിതത്തിലായി. ഉദ്യോഗസ്ഥര്‍ രണ്ടാമത് വോട്ടിംഗ് മെഷീന്‍ എത്തിച്ചാണ് വോട്ടിംഗ് പുനഃരാരംഭിച്ചത്.

മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാര്‍ എസ്എബിടിഎം സ്‌കൂളിലെ 114, 115 ബൂത്തുകളില്‍ യന്ത്രതകരാര്‍ മൂലം വോട്ടിംഗ് ഒരു മണിക്കൂര്‍ വൈകി. ഇതേ തുടര്‍ന്നു ചില വോട്ടര്‍മാര്‍ വീട്ടില്‍ പോയ ശേഷം വീണ്ടും വന്നാണ് വോട്ട് ചെയ്തത്. പായിപ്ര ഗവ. യുപി സ്‌കൂളിലെ രണ്ടാം ബൂത്തില്‍ രണ്ടു തവണ യന്ത്രതകരാറുണ്ടായി. മൂന്നാമത് മെഷീന്‍ ഘടിപ്പിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്. മുളവൂര്‍ ഗവ. യുപി സ്‌കൂളിലെ 19, 22 ബൂത്തുകളിലും മെഷീന്‍ തകരാറിലായി. കദളിക്കാട് വിമലമാതാ സ്‌കൂളില്‍ 103-ാം ബൂത്തില്‍ മെഷീനിലുണ്ടായ ശബ്ദതകരാര്‍ പിന്നീട് പരിഹരിച്ചു.

മഞ്ഞള്ളൂര്‍ കാപ്പ് എന്‍എസ്എസ് സ്‌കൂളിലെ 108-ാമത് ബൂത്തില്‍ യന്ത്രതകരാര്‍ മൂലം 45 മിനിറ്റ് വോട്ടെടുപ്പ് വൈകി.പോളിംഗ് ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു പുതിയ ഉദ്യോഗസ്ഥന് ചുമതല നല്‍കി വോട്ടിംഗ് നടത്തേണ്ടിവന്നു. കായനാട് ഗവ. എല്‍പി സ്‌ക്കൂളിലെ 133-ാമത് ബൂത്തിലെ ഒന്നാം പോളിംഗ് ഓഫീസര്‍ കെ.എം. ശോഭയ്ക്കാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ഇവരെ മാറ്റി മറ്റൊരാള്‍ക്ക് ചുമതല നല്‍കുകയായിരുന്നു.

പോളിംഗ് ശതമാനം കുറഞ്ഞു

തൊടുപുഴ : മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറയാന്‍ സാധ്യത. 66.53 ആണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തില്‍ വ്യത്യാസം വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 76.34 ആയിരുന്നു പോളിംഗ് ശതമാനം. ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോകമണ്ഡലങ്ങളിലായി 1,315 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. രാവിലെ പോളിംഗ് ആരംഭിച്ച് ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 74,261 പേര്‍ വോട്ടുരേഖപ്പെടുത്തിയിരുന്നു. രാവിലെ 9.15ന് പോളിംഗ് ശതമാനം 11.34 ആയിരുന്നു. പത്തിനു 15.05 ശതമാനവും 11നു 21.01, 12.15ന് 33.14, 1.15ന് 40.08, 2.15ന് 45.05, 3.15ന് 51.06, നാലിന് 53.29 ശതമാനവുമായിരുന്നു പോളിംഗ്.

വോട്ടെടുപ്പ് അവസാനിച്ച വൈകുന്നേരം ആറിന് 64.42 ശതമാനത്തിലേക്ക് പോളിംഗ് ഉയര്‍ന്നെങ്കിലും കൃത്യമായ കണക്ക് ഇനിയും ലഭ്യമായിട്ടില്ല. സമയപരിധി കഴിഞ്ഞിട്ടും ചില ബൂത്തുകളില്‍ പോളിംഗ് പൂര്‍ത്തിയായിരുന്നില്ല. അതേസമയം ബട്ടണ്‍ അമര്‍ത്തിയശേഷം മെഷീനില്‍ വോട്ട് രേഖപ്പെടുത്തുന്നതില്‍ കാലതാമസമുണ്ടാകുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമൂലം പല ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു.
പോളിംഗ് ശതമാനം കുറഞ്ഞത് സംസ്ഥാനത്തുനിന്നു ലക്ഷകണക്കിനു വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയതിനാലാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവരില്‍ നല്ലൊരുശതമാനത്തിന്റെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നുനീക്കം ചെയ്തിരുന്നില്ല.

 

Related Articles

Back to top button
error: Content is protected !!