ChuttuvattomCrimeThodupuzha

പോലീസുകാരനെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ട പ്രതി പിടിയിൽ

തൊടുപുഴ: കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നിന്ന് പൊലീസുകാരനെ ചവിട്ടി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിക്കുന്ന വെങ്ങല്ലൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിബുനാണ് (34) തൊടുപുഴ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മോഷ്ടിക്കപ്പെട്ട ഒരു വാഹനം തൃശ്ശൂരിൽ നിന്ന് തൊടുപുഴയിലേക്ക് വരുന്നതായി തൊടുപുഴ സി.ഐയ്ക്ക് ലഭിച്ച വിവരത്തെ തുടർന്ന് പോലീസ് വെങ്ങല്ലൂരിൽ വാഹനപരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് നിബുൻ സംശയാസ്പദമായ സാഹചര്യത്തിൽ കാറിലെത്തുന്നത്. കാർ തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിച്ച ശേഷം സീനിയർ സി.പി.ഒ ഗോവിന്ദൻ നായർ വാഹനത്തിൽ കയറി. വെങ്ങല്ലൂരിൽ നിന്ന് ടൗണിലേക്ക് വരുന്ന വഴി പെട്ടെന്ന് വാഹനമോടിച്ചിരുന്ന നിബുൻ മങ്ങാട്ടുകവല ബൈപ്പാസിലേക്ക് വണ്ടി തിരിച്ചു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലീസുകാരനോട് ആവശ്യപ്പെട്ടു. ഇതിന് കൂട്ടാക്കാതിരുന്ന ഗോവിന്ദൻ നായരെ ചവിട്ടിപുറത്താക്കിയ ശേഷം ഇയാൾ വണ്ടിയുമായി രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു.

ഗോവിന്ദൻ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പോലീസ് പിന്നാലെയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ കാലടിയിൽ നിന്ന് ഇയാൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു. അതേസമയം തൃശ്ശൂരിൽ നിന്ന് കാണാതായ വാഹനം ഇയാൾ മോഷ്ടിച്ചതല്ലെന്ന് പോലീസ് പറഞ്ഞു. മോഷണം, കഞ്ചാവ് വിൽപ്പന എന്നിവയടക്കം നിരവധി കേസുകളിൽ പ്രതിയാണ് നിബുൻ. സംഭവ സമയത്ത് ഇയാളുടെ കൈവശം കഞ്ചാവോ മറ്റോ ഉണ്ടായിരുന്നതിനാലാകാം പോലീസുകാരനെ ചവിട്ടിയ ശേഷം രക്ഷപ്പെട്ടതെന്നാണ് സംശയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!