ChuttuvattomThodupuzha

പട്ടയം ലഭിക്കാന്‍ നടപടി വേണം : ആദിവാസി ഏകോപന സമിതി

തൊടുപുഴ : പട്ടയത്തിനായി അപേക്ഷനല്‍കി കാത്തിരിക്കുന്ന 5000-ത്തോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വനം, റവന്യു, പട്ടികവര്‍ഗ ഗോത്രവര്‍ഗ വകുപ്പ് എന്നിവയുടെ അടിയന്തര യോഗം വിളിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. വനവിസ്തൃതി വര്‍ധിപ്പിച്ചുകാണിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി അര്‍ഹരായവര്‍ക്കുപോലും പട്ടയം നിഷേധിക്കുന്ന നടപടിയാണ് ഇപ്പോഴുള്ളത്. ജണ്ടയ്ക്കു പുറത്തുള്ള മുഴുവന്‍ ഭൂമിയും മുന്‍കാല പ്രാബല്യത്തോടെ അടിയന്തരമായി റവന്യുഭൂമിയായി വിജ്ഞാപനം ചെയ്യണം. പുതിയ വനനിയമത്തില്‍ ജണ്ടയ്ക്കു വെളിയിലുള്ള ജനവാസ കേന്ദ്രങ്ങളായ മുഴുവന്‍ ഭൂമിക്കും പട്ടയത്തിന് അവകാശമുണ്ടെന്നാണ്.

വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ വേട്ടയാടാനുള്ള അവകാശം ഗോത്രങ്ങള്‍ക്ക് നല്‍കണം. രൂക്ഷമായ വന്യജീവി ശല്യം പരിഹരിക്കുന്നതിന് ഗോത്രസമൂഹങ്ങളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് തോന്നിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്.വന്യമൃഗങ്ങളെ നേരിടുന്നതിനു ഗോത്രവിഭാഗങ്ങളുടെ അനുഭവങ്ങളും അറിവുകളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്താന്‍ തയാറാകുന്നില്ല. വനത്തില്‍ നടപ്പാക്കുന്ന ഫയര്‍ലൈന്‍ തെളിക്കല്‍, ജണ്ടകള്‍, വന്യജീവി ശല്യം തടയുന്നതിനു ചിലവഴിക്കുന്ന തുക എന്നിവയില്‍ നടക്കുന്ന അഴിമതിയെ സംബന്ധിച്ച് സംഘടനാപ്രതിനിധികളെ ഉള്‍പ്പെടുത്തി സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!