Local LiveMoolammattam

കാഞ്ഞാര്‍ പാലത്തിന്റെ നടപ്പാലത്തിന് ഭരണാനുമതിയായി : മന്ത്രി റോഷി അഗസ്റ്റിന്‍

മൂലമറ്റം : കുടയത്തൂര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍ പാലത്തിന്റെ ഒരു വശത്ത് നടപ്പാലം നിര്‍മ്മിക്കുന്നതിനായി ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നടപ്പാലത്തിനായി 3.61 കോടി രൂപയുടെ ഭരണാനുമതിയാണ് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നല്‍കിയിരിക്കുന്നത്. പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെ മണ്ണിന്റെ ബലക്ഷമത പരിശോധന, നടപ്പാലത്തിന്റെ ഡിസൈനിംഗ് എന്നിവയ്ക്ക് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം അനുമതി നേടിയിരുന്നു. തുടര്‍ന്നാണ് 3.61 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിത്.

തൊടുപുഴ-പുളിയന്‍മല റോഡിലെ പ്രധാന പാലമാണ് കാഞ്ഞാര്‍ പാലം. പാലത്തിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും മൂലം പാലത്തിലൂടെയുള്ള യാത്ര ദുര്‍ഘടമായിരുന്നു. തുടര്‍ന്നാണ് നടപ്പാത വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഒരേസമയം കൂടുതല്‍ കാല്‍നട യാത്രക്കാര്‍ക്ക് കടന്നുപോകുന്ന വിധം വീതികൂട്ടിയാകും നടപ്പാലം നിര്‍മ്മിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

ടൂറിസം മേഖലയായ വാഗമണ്‍, മൂന്നാര്‍ മേഖകളിലേക്കും ജില്ലാ ആസ്ഥാനത്തേക്കും യാത്ര ചെയ്യുന്നതിന് ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ഭാഗമായതും വാഗമണിലേക്ക് പോകുന്നതുമായ അശോകക്കവല-മൂലമറ്റം-കോട്ടമല റോഡിന് 6.80 കോടി രൂപ അനുവദിച്ചിരുന്നു. കാഞ്ഞാര്‍ പാലത്തിന് നടപ്പാലം കൂടെ പൂര്‍ത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!