ChuttuvattomThodupuzha

സര്‍വ്വ കാല റെക്കോര്‍ഡ് ; സംസ്ഥാനത്ത് 107 ദശലക്ഷം യൂണിറ്റ് കടന്ന് വൈദ്യുതി ഉപഭോഗം

തൊടുപുഴ : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് കടന്നു. വ്യാഴാഴ്ച രാവിലെ വരെ 24 മണിക്കൂറിനിടെ 107.7674 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ആകെ ഉപഭോഗം.ഇത് എക്കാലത്തേയും സര്‍വകാല റെക്കോര്‍ഡാണ്. ഇതില്‍ തന്നെ 83.1204 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്ത് നിന്നെത്തിച്ചതാണ്. സര്‍വകാല റെക്കാഡ് ഭേദിച്ച് കഴിഞ്ഞയാഴ്ചയാണ് വൈദ്യുതി ഉപഭോഗം 104 ലക്ഷം യൂണിറ്റ് പിന്നിട്ടത്.
അതെസമയം പീക്ക് സമയത്ത് 5359 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിന് മുമ്പ് പരമാവധി എത്തിയത് കഴിഞ്ഞമാസം രേഖപ്പെടുത്തിയ 5301 മെഗാവാട്ടായിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് 106.8882 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗിച്ചത്.

വൈദ്യുതി ഉപഭോഗം ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അടക്കമുള്ള ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനവും കൂട്ടിയിട്ടുണ്ട്.വ്യാഴാഴ്ച മൂലമറ്റം പവര്‍ഹൗസില്‍ 8.876 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായി ഉത്പാദനം ഉയര്‍ത്തിയിട്ടുണ്ട്. അതെസമയം രാത്രി വൈകിയാണ് ഉപഭോഗം ഏറ്റവും കൂടുതല്‍ ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.നേരത്തെ രാത്രി 10 മണിക്ക് ശേഷം ഉപഭോഗം കുറയുമായിരുന്നെങ്കില്‍ ഇപ്പോള്‍ പുലര്‍ച്ചെ രണ്ട് വരെ ഇത് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സ്ഥിതിയാണ്. ഉപഭോഗം വലിയ തോതില്‍ കൂടിയതോടെ പലയിടങ്ങളിലും വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 44 ശതമാനമായി താഴ്ന്നു. 2347.44 അടിയാണ് സംഭരണിയിലെ നിലവിലെ ജലനിരപ്പ്. വൈദ്യുതി ഉത്പാദനം കൂട്ടിയതോടെ ജലനിരപ്പ് വേഗത്തില്‍ താഴുകയാണ്. കെഎസ്ഇബിയുടെ സംഭരണികളിലാകെ 45 ശതമാനം വെള്ളമാണുള്ളത്. അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 1847.203 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളവും.

 

 

Related Articles

Back to top button
error: Content is protected !!