ChuttuvattomThodupuzha

ജില്ലയിലെ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കും : ജോയ്‌സ് ജോര്‍ജ്

തൊടുപുഴ : ജില്ലയിലെ വന്യമൃഗ ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കുമെന്ന് ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിട്ട് ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്ന ചിന്തയില്ല. കാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ മനുഷ്യനെ സംരക്ഷിക്കാന്‍ വനംവകുപ്പ്, കിഫ്ബി, റീബില്‍ഡ് കേരള ഫണ്ടുകള്‍ ഉപയോഗിച്ചും തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ ഫണ്ട് ഉപയോഗിച്ചുമുള്ള പദ്ധതികളുണ്ട്. ഇവ തമ്മില്‍ ഏകോപനമില്ല. വനാതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പ്രദേശങ്ങളും സംരക്ഷിക്കപ്പെടാന്‍ തൂക്കുവേലികളോ ട്രെഞ്ചുകളോ അങ്ങനെ എന്ത് സംവിധാനമാണ് വേണ്ടതെന്ന് ശാസ്ത്രീയ പഠനത്തിലൂടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ഇതിനായി വനം, റവന്യൂ, അഗ്നിരക്ഷാസേന, പോലീസ്, ജനപ്രതിനിധികള്‍ തുടങ്ങി എല്ലാവരെയും കൂട്ടിയോജിപ്പിക്കും. എം.പി ഫണ്ടിന്റെ 30 ശതമാനം ഇതിനായി ഉപയോഗിക്കും.

ഫണ്ടിന്റെ അപര്യാപ്തതയുണ്ടായാല്‍ സി.എസ്.ആര്‍ ഫണ്ട് സ്വരൂപിക്കും. ഏകോപന ചുമതലയും ഏറ്റെടുക്കും. സി.എച്ച്.ആര്‍ വനമല്ല, റവന്യൂ ഭൂമിയാണ്. വനമാണെന്ന നിലപാട് എടുത്തത് യു.ഡി.എഫാണ്. 2007ല്‍ വി.എസ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സി.എച്ച്.ആര്‍ വനമല്ലെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് 2017ല്‍ മൂന്നാര്‍- ബോഡിമെട്ട് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിര്‍മ്മാണം ആരംഭിക്കാനിരിക്കെ വനംവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി. അന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സമഗ്രമായി പരിശോധിച്ചു. 2018ല്‍ സി.എച്ച്.ആര്‍ റവന്യൂ ഭൂമിയാണെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ട്. ചിന്നക്കനാല്‍ റിസര്‍വ് ഫോറസ്റ്റായി സര്‍ക്കാര്‍ വിജ്ഞാപനം വരാന്‍ പാടില്ലായിരുന്നു. പ്രാഥമിക വിജ്ഞാപനം പിന്‍വലിക്കാന്‍ നിയപരമായി കേന്ദ്ര അനുമതി വേണമെന്നതിനോട് അഭിഭാഷകനെന്ന നിലയില്‍ യോജിപ്പില്ല. സംസ്ഥാന സര്‍ക്കാരിന് തന്നെ അത് ചെയ്യാവുന്നതാണ്. ആ ഉത്തരവ് പിന്‍വലിക്കുക തന്നെ വേണമെന്നാണ് തന്റെ നിലപാട്. വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നതിന് കാരണം അനുകമ്പയില്ലാത്ത ഉന്നത ഉദ്യോഗസ്ഥരാണ്. ജില്ലയില്‍ ഇനി ഒരു സെന്റ് വനഭൂമി പോലും പുതിയതായി സൃഷ്ടിക്കാന്‍ പാടില്ലെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!