ChuttuvattomThodupuzha

നടപ്പുവഴി കൈയേറിയതിനെതിരെ സായാഹ്ന ധര്‍ണ നടത്തി

തൊടുപുഴ : നിരവധി കുടുംബങ്ങളുടെ നടപ്പു വഴി തടസപ്പെടുത്തി സ്വകാര്യ വ്യക്തി നടത്തി വരുന്ന ഫ്ളാറ്റ് നിര്‍മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒളമറ്റം പെരുക്കോണി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുക്കോണിയില്‍ സായാഹ്നധര്‍ണ നടത്തി. പ്രദേശവാസികള്‍ കുടിവെള്ളം എടുക്കാനും മറ്റുമായി ഉപയോഗിച്ചിരുന്ന നടപ്പുവഴിയാണ് സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഴി കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ ഇദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും ഇതു കോടതി തള്ളി. ഇത് മറച്ചു വച്ച് നഗരസഭ അധികൃതരെ സ്വാധീനിച്ച് ഫ്ളാറ്റ് നിര്‍മാണത്തിനായി പെര്‍മിറ്റ് നേടിയെടുത്തു. പിന്നീട് ഇദ്ദേഹം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതിനിടെ നിയമപരമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കാതെ നഗരസഭ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫ്ളാറ്റ് നിര്‍മാണം നടത്തി വരികയാണ്. ഇതിനെതിരെ നഗരസഭ, വിജിലന്‍സ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിനാല്‍ ഫ്ളാറ്റ് നിര്‍മാണത്തിനെതിരെയും ഇതിനു കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിച്ചതെന്ന് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണ ട്രാക്ക് സെക്രട്ടറി സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ആര്‍. ഹരി, ജോസഫ് ജോണ്‍, മിനി മധു, ജിതേഷ് ഇഞ്ചക്കാട്ട്, ഷീന്‍ വര്‍ഗീസ്, റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ആര്‍.ഹേമരാജന്‍, സെക്രട്ടറി അബി പി.എന്‍, ഷാജന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!