IdukkiThodupuzha

അംഗന്‍ജ്യോതി പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി : അങ്കണവാടികളെ കാര്‍ബണ്‍ പുറന്തള്ളാത്ത സ്ഥാപനങ്ങളാക്കി മാറ്റുന്നതിന് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന അംഗന്‍ ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊര്‍ജ്ജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയ്ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇരട്ടയാര്‍ വനിതാ സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 34 അങ്കണവാടികള്‍ക്ക് 50000 രൂപയുടെ സൗരപാചക ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വിതരണം ചെയ്യ്തു. സീറോ കാര്‍ബണ്‍ അങ്കണവാടികള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയിലെ അങ്കണവാടികളില്‍ പുകയില്ലാത്ത അടുക്കളകള്‍ ഒരുക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. അങ്കണവാടികളില്‍ ഉപയോഗിക്കുന്ന പാചക ഉപകരണങ്ങള്‍ സൗരോര്‍ജ്ജ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാക്കി മാറ്റി അതുവഴി ഊര്‍ജസംരക്ഷണവും കാര്‍ബണടക്കമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കലും വിഭാവനം ചെയ്യുന്ന പദ്ധതി സംസ്ഥാനസര്‍ക്കാരിന്റെ എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് നടപ്പാക്കുന്നത്.

നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിനി എസ് പദ്ധതി വിശദീകരണവും എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് ജോര്‍ജ് വിഷയാവതരണവും നടത്തി. പദ്ധതിയുടെ ഭാഗമായി പെഡസ്റ്റല്‍ ഫാന്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് ചാര്‍ജിംഗ് സ്റ്റേഷന്‍, ബള്‍ബുകള്‍, ഇന്‍ഡക്ഷന്‍ കുക്കറില്‍ ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ തുടങ്ങിയവ അങ്കണവാടികളില്‍ എത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലെ മികച്ച മാതൃകാ ഹരിതകര്‍മസേനയായി തെരെഞ്ഞടുക്കപ്പെട്ട ഇരട്ടയാറിലെ ഹരിതകര്‍മസേനയെ യോഗത്തില്‍ ആദരിച്ചു. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!